തീർന്നു? ഗുഡ് ബൈ; സഞ്ജുവിനായി വാദിച്ചവർ കൂക്കി വിളിയും തുടങ്ങി
അവസരങ്ങൾ കിട്ടിയിട്ടും മുതലെടുക്കാൻ കഴിയാതെ പോയ സഞ്ജുവിനെതിരെ ഇപ്പോൾ എക്‌സിലടക്കം(ട്വിറ്റർ) കൂക്കിവിളിയാണ്
മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പര മലയാളി താരം സഞ്ജു സാംസൺ ഓർക്കാൻപോലും ഇഷ്ടപ്പെടില്ല. അവസരങ്ങൾ കിട്ടിയിട്ടും മുതലെടുക്കാൻ ആകാതെ പോയ താരത്തിനെതിരെ ഇപ്പോൾ എക്‌സിലടക്കം(ട്വിറ്റർ) കൂക്കിവിളിയാണ്. നേരത്തെ താരത്തിനായി വാദിച്ചിരുന്നവരാണ് അധികവും. ഒരു ടീം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ടീമിൽ ഇല്ലെങ്കിൽ സഞ്ജുവാകും എക്‌സിൽ ട്രെൻഡിങ്.
മികച്ച ഫോം തുടർന്നിട്ടും താരത്തെ അവഗണിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുക. ഫോം നോക്കിയിട്ടല്ല മറ്റു പല മാനദണ്ഡങ്ങളുണ്ടെന്നും വരെ വിമർശനം ഉയരും. എന്നാൽ ഫോം തെളിയിക്കാൻ സുവർണാവസരം ലഭിച്ചിട്ടും സഞ്ജുവിന് കഴിഞ്ഞില്ല. വിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ അഞ്ചിലും സഞ്ജുവിന് അവസരം ലഭിച്ചു. ഇതിൽ രണ്ട് മത്സരങ്ങളിൽ ബാറ്റിങിന് അവസരം കിട്ടിയില്ല എന്നതൊഴിച്ചാൽ ദുരന്തരമായിരുന്നു സഞ്ജു.
ബാറ്റിങിന് അവസരം ലഭിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് താരം നേടിയത് വെറും 32 റൺസ്. നേരിടാനായത് വെറും 28 പന്തുകൾ. ഉയർന്ന സ്‌കോർ റൺസ് ഒഴുകുന്ന ഫ്‌ളോറിഡയിലെ പിച്ചിൽ നേടിയ 13 റൺസും. നിലയുറപ്പിക്കും മുമ്പെ സഞ്ജു മടങ്ങും. തിലക് വർമ്മയും യശസ്വി ജയ്‌സ്വാളും അവസരം ഉപയോഗപ്പെടുത്തിയെന്നും സഞ്ജു നഷ്ടപ്പെടുത്തിയെന്നുമാണ് ഇപ്പോൾ ആരാധകർ പങ്കുവെക്കുന്നത്. അയർലാൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിലവിലെ ഫോം വെച്ച് നായകൻ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലേക്ക് പരിഗണിക്കുമോ എന്ന് പോലും ഉറപ്പില്ല.
സഞ്ജുവിന് അവസരം ലഭിക്കുന്നില്ല എന്നാണ് ഇതിന് മുമ്പ് ആരാധകർ നിരന്തരം പങ്കുവെച്ചിരുന്നത്. എന്നാൽ അവസരം ലഭിച്ചപ്പോഴാകട്ടെ നിരാശപ്പെടുത്തുകയും ചെയ്തു. സഞ്ജുവിന്റെ നിലവിലെ ഫോം പരിഗണിക്കുകയാണെങ്കിൽ ഏകദിന ലോകകപ്പിന് സഞ്ജുവിന് സാധ്യതയില്ലെന്നും ലോകേഷ് രാഹുലിനാണ് സാധ്യതയെന്നുമാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. ലോകേഷ് രാഹുൽ ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കിൽ സഞ്ജുവിനെ ഏകദിന ടീമിൽ കാണില്ലെന്നും ആകാശ് ചോപ്ര പറയുകയുണ്ടായി.
അതേസമയം സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ കരിയർ അവസാനിച്ചെന്നും ഇനി ഐ.പി.എല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങിൽ പലരും പങ്കുവെക്കുന്നത്.