മാക്‌സ്‌വെല്ലിന് കോവിഡ്: ടീമിൽ വൈറസ് ബാധ, നേരത്തെ 13 പേർക്ക് രോഗം
ആന്റിജൻ പരിശോധനയിലാണ് മാക്‌സ്‌വെല്ലിന് കോവിഡ് സ്ഥിരീകരിച്ചത്. മെൽബൺ സ്റ്റാഴ്സിൽ കൊവിഡ് സ്ഥിരീകരിക്കുന്ന 13ാമത്തെ താരമാണ് മാക്‌സ്‌വെല്‍.
ആസ്‌ട്രേലിയൻ ഓൾറൗണ്ടറും ബിഗ്ബാഷ് ടി20 ലീഗ് ടീമായ മെൽബൺ സ്റ്റാറിന്റെ നായകനുമായ ഗ്ലെൻ മാക്‌സ്‌വെല്ലിന് കോവിഡ്. ആന്റിജൻ പരിശോധനയിലാണ് മാക്‌സ്‌വെല്ലിന് കോവിഡ് സ്ഥിരീകരിച്ചത്. മെൽബൺ സ്റ്റാഴ്സിൽ കൊവിഡ് സ്ഥിരീകരിക്കുന്ന 13ാമത്തെ താരമാണ് മാക്‌സ്‌വെല്‍.
മെൽബൺ സ്റ്റാഴ്സിൽ 12 താരങ്ങൾക്കും 8 സപ്പോർട്ട് സ്റ്റാഫുകൾക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പെർത്ത് സ്കോർച്ചേഴ്സിനും മെൽബൺ റെനഗേഡ്സിനും എതിരായ അവസാന രണ്ട് മത്സരങ്ങളിൽ ബാക്കപ്പ് താരങ്ങളാണ് സ്റ്റാഴ്സ് ടീമിൽ കളിച്ചത്.
രണ്ട് മത്സരങ്ങളിലും സ്റ്റാഴ്സ് ദയനീയമായി പരാജയപ്പെട്ടിരുന്നു. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ അടുത്ത മത്സരത്തിൽ പത്തോളം താരങ്ങൾ ഐസൊലേഷൻ പൂർത്തീകരിച്ച് തിരികെയെത്തിയേക്കും.
ബിഗ്ബാഷ് ലീഗിൽ കോവഡ് വ്യാപനം രൂക്ഷമാകുകയാണ്. ലീഗിലെ അഞ്ചാമത്തെ ടീമിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ചില ടീമുകൾ പരിശീലനം മാറ്റിവെച്ചിരുന്നു. അതേസമയം കോവിഡ് കേസുകൾ ഇനിയും വർധിച്ചാൽ ടൂർണമെന്റ് തന്നെ മാറ്റിവെച്ചേക്കും. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും.