പറന്നിറങ്ങി രോഹിതിനെ കൈയിലൊതുക്കി സഞ്ജു; പവർപ്ലെയിൽ മുംബൈയുടെ ബോൾട്ടിളകി
ആദ്യ ഓവറിൽതന്നെ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് നേടി
മുംബൈ: ഐപിഎല്ലിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മോശം തുടക്കം. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ്മയും നമാൻ ധിറുമാണ് ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ പൂജ്യത്തിന് മടങ്ങിയത്. അഞ്ചാം പന്തിൽ ഷോട്ടിന് ശ്രമിച്ച് ഹിറ്റ്മാന്റെ ബാറ്റിലുരസി എഡ്ജായ പന്ത് വായുവിൽ പറന്നിറങ്ങിയാണ് മലയാളി താരം കൈപിടിയിലൊതുക്കിയത്. അവസാന പന്തിൽ നമാൻ ധിറും വീണു. രണ്ടാം ഓവറിൽ ഇംപാക്ട് പ്ലെയർ ബ്രേവിസിനേയും ബോൾട്ട് പുറത്താക്കിയതോടെ പവർപ്ലെയിൽ തന്നെ മുംബൈക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. പരിക്കുള്ള സന്ദീപ് ശർമക്ക് പകരം നാന്ദ്രെ ബർഗർ പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ടീമിൽ പേസർ ആകാശ് മധ്വാൾ തിരിച്ചെത്തി. ആദ്യ രണ്ട് കളികളും ജയിച്ചാണ് രാജസ്ഥാൻ മുംബൈയിൽ ഇറങ്ങുന്നതെങ്കിൽ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുന്നത്.
കഴിഞ്ഞ രണ്ട് മത്സരത്തിലും സ്വന്തം ആരാധകരിൽ നിന്ന് കൂവൽ നേരിട്ട ഹാർദിക് പാണ്ഡ്യക്ക് ടോസിന്റെ സമയത്ത് കാര്യമായ പ്രതിഷേധം നേരിടേണ്ടിവന്നില്ല. എന്നാൽ ഗ്യാലറിയിൽ നിന്ന് രോഹിത് ആരവം മുഴങ്ങിയിരുന്നു. പരസ്പരം കളിച്ചതിൽ മുംബൈ 15 വിജയങ്ങൾ നേടിയപ്പോൾ രാജസ്ഥാൻ 12 ജയമാണ് നേടിയത്. വാംഖഡെയിലും മുംബൈക്കാണ് ആധിപത്യം. അഞ്ച് മത്സരങ്ങൾ ജയിച്ചപ്പോൾ രാജസ്ഥാൻ ജയിച്ചത് മൂന്നെണ്ണം.
മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ ,രോഹിത് ശർമ, നമാൻ ധിർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജെറാൾഡ് കൊറ്റ്സി,ആകാശ് മധ്വാൾ, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോഷ് ബട്ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്റോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ, നാന്ദ്രെ ബർഗർ, ആവേശ് ഖാൻ.