ഹര്‍ദിക്ക് നിറഞ്ഞാടി; മുംബൈയ്ക്ക് യു.എ.ഇയിലെ ആദ്യ ജയം

വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുംബൈ അഞ്ചാം സ്ഥാനത്തെത്തി.

Update: 2021-09-28 18:10 GMT
Editor : Nidhin | By : Web Desk
Advertising

ഒടുവിൽ ഐപിഎല്ലിലെ യുഎഇ പാദത്തിൽ മുംബൈ ഇന്ത്യന്‍സ് അവരുടെ ആദ്യ വിജയം നേടി. പഞ്ചാബ് ഉയർത്തിയ 136 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19-ാം ഓവറിൽ ലക്ഷ്യം കണ്ടു. ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. 

നായകൻ രോഹിത്തടക്കം കളി മറന്നപ്പോൾ ഫിനിഷിങിൽ പേരുകേട്ട ഹർദിക്ക് പാണ്ഡ്യയാണ് പൊള്ളാർഡിന്റെ പിന്തുണയോടെ അകന്നുപോയ വിജയത്തെ കൂറ്റനടികളുമായി മുംബൈ തീരത്തെത്തിച്ചത്. അവസാന രണ്ടോവറിൽ മുംബൈക്ക് ജയിക്കാൻ ആവശ്യമായിരുന്നത് 16 റൺസാണ്. 19-ാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത് ഷമി മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും മൂന്നാം ബോളിൽ ഫോറും നാലാം ബോളിൽ രണ്ട് റൺസും വീണ്ടും ഫോറും, അവസാന രാജകീയമായി സിക്‌സറും പറത്തി ഹർദിക്ക് പാണ്ഡ്യ അവസാന ഓവറിലെ സമ്മർദത്തിലേക്ക് പോകാതെ മത്സരം അവസാനിപ്പിച്ചു. ഹർദിക് പാണ്ഡ്യ പുറത്താകാതെ 30 പന്തിൽ 40 റൺസ് നേടി. പൊള്ളാർഡ് 7 പന്തിൽ 15 റൺസുമായും പുറത്താകാതെ നിന്നു.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് പവർ പ്ലേ പൂർത്തിയാകും മുമ്പ് നായകൻ രോഹിതിന്റെ വിക്കറ്റ് ന്ഷ്ടമായി. 10 ബോളിൽ 8 റൺസാണ് രോഹിതിന്റെ സമ്പാദ്യം. രവി ബിഷ്‌ണോയിയുടെ പന്തിൽ മന്ദീപിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. തൊട്ടടുത്ത പന്തിൽ അവരുടെ വിശ്വസ്തനായ സൂര്യകുമാർ യാദവ് ക്ലീൻ ബൗൾഡാക്കി. അപകടം മണത്ത ക്വിന്റൺ ഡി കോക്ക് കരുതലോടെ കളിച്ചെങ്കിലും സ്‌കോർ 61 ൽ നിൽക്കുമ്പോൾ ഷമിയുടെ മികച്ചയൊരു പന്തിൽ ബൗൾഡായി അദ്ദേഹവും മടങ്ങി.

സാഹചര്യത്തിനൊത്ത പ്രകടനം കാഴ്ച വച്ച സൗരബ് തിവാരി 37 പന്തിൽ 45 റൺസ് നേടി മുംബൈ നിരയിലെ ടോപ് സ്‌കോററായി. നഥാൻ എല്ലിസിന്റെ പന്തിൽ രാഹുലിന് ക്യാച്ച് നൽകിയാണ് തിവാരി മടങ്ങിയത്.

പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും മുഹമ്മദ് ഷമി, നഥാൻ എല്ലിസ് എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ ആദ്യ ബാറ്റിങിൽ തകർന്നടിഞ്ഞ പഞ്ചാബ് കിങ്‌സിനെ താങ്ങി നിർത്തിയത് മർക്രാമിന്റെ ഇന്നിങ്‌സാണ്. മർക്രാം 29 പന്തിൽ നേടിയ 42 റൺസിന്റെ ബലത്തിലാണ് പഞ്ചാബ് 135 എന്ന ഭേദപ്പെട്ട ടോട്ടലിലേക്ക് എത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ഈ സ്‌കോറിലേക്കെത്തിയത്.

ഓപ്പണിങ് ഇറങ്ങിയ നായകൻ രാഹുൽ പതിയെ ആയിരുന്നു റൺസെടുത്തത്. 21 റൺസെടുക്കാൻ രാഹുൽ 22 പന്തെടുത്തു. പൊള്ളാർഡാണ് രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയത്. രാഹുലിന് മുമ്പ് പഞ്ചാബിന് നഷ്ടപ്പെട്ടത് 15 റൺസെടുത്ത മന്ദീപിന്റെ വിക്കറ്റാണ്. ക്രുണാൽ പാണ്ഡ്യയാണ് മന്ദീപിന്റെ വിക്കറ്റെടുത്തത്. കൂറ്റനടികളുടെ തമ്പുരാനായ ഗെയിൽ പിന്നാലെ തന്നെ 4 ബോളിൽ 1 റൺസുമായി പൊള്ളാർഡിന്റെ പന്തിൽ മടങ്ങി. പിന്നാലെ വന്ന നിക്കോളാസ് പൂരനു ം ഒന്നും ചെയ്യാൻ സാധിച്ചില്ല. 3 പന്തിൽ രണ്ട് റൺസുമായി ബൂമ്രയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുരാനും മടങ്ങി. അടിച്ചു കളിച്ച മർക്രാമിനെ ക്ലീൻ ബൗൾഡാക്കിയത് രാഹുൽ ചഹറാണ്. ദീപക് ഹൂഡ അവസാനം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റൺവേഗം കുറഞ്ഞത് തിരിച്ചടിയായി. 26 പന്തിൽ 28 റൺസുമായി ബൂമ്രയ്ക്ക് വിക്കറ്റ് നൽകി ഹൂഡ തിരികെ നടന്നു.

വാലറ്റത്ത് കൂറ്റനടികൾ ഒന്നുമില്ലെങ്കിലും 19 പന്തിൽ 14 റൺസുമായി ഹർപ്രീത് ബ്രാറും 4 പന്തിൽ ഏഴ് റൺസുമായി നഥാൻ എല്ലിസും പുറത്താകാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി ബൂമ്ര, പൊള്ളാർഡ് എന്നിവർ രണ്ട് വിക്കറ്റും ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News