കലാശപ്പോരില്‍ 170 റണ്‍സ്; ഹീലി പഴങ്കഥയാക്കിയത് ഗില്‍ക്രിസ്റ്റിന്‍റെ റെക്കോര്‍ഡ്, ഗ്യാലറിയില്‍ പ്രിയതമന്‍ മിച്ചല്‍ സ്റ്റാര്‍ക്ക്

34ാം ഓവറിലെ രണ്ടാം പന്തിൽ തന്‍റെ പ്രിയതമ സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ ആഹ്ളാദത്തോടെ ഏഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന സ്റ്റാർക്കിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്

Update: 2022-04-03 12:29 GMT
Advertising

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ആസ്‌ട്രേലിയയുടെ കിരീടം നേട്ടമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചകളിൽ നിറയെ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 71 റൺസിന് പരാജയപ്പെടുത്തിയാണ് ആസ്‌ട്രേലിയൻ വനിതകൾ ക്രിക്കറ്റിന്‍റെ വിശ്വകിരീടത്തിൽ മുത്തമിട്ടത്. ഇംഗ്ലണ്ടിന് മുന്നിൽ 357 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് ആസ്‌ട്രേലിയ ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ 285 റൺസിന് ഇംഗ്ലണ്ട് വനിതകൾ കൂടാരം കയറി. വിക്കറ്റ് കീപ്പർ ബാറ്റർ അലിസ ഹീലിയുടെ മാസ്മരിക പ്രകടനമാണ് ആസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 138 പന്തിൽ നിന്ന് 170 റൺസാണ് ഹീലി അടിച്ചു കൂട്ടിയത്.

ആസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന്റെ ഭാര്യയാണ് അലിസ ഹീലി. ഹീലി സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ ഗ്യാലറിയിൽ കാഴ്ചക്കാരനായി ഇന്ന് മിച്ചൽ സ്റ്റാർക്കുമുണ്ടായിരുന്നു.  34ാം ഓവറിലെ രണ്ടാം പന്തിൽ തന്‍റെ പ്രിയതമ സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ ആഹ്ളാദത്തോടെ ഏഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന സ്റ്റാർക്കിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. 



ഈ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ഹീലി തന്‍റെ പേരിൽ കുറിച്ചത്. ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഹീലി തന്‍റെ പേരിലാക്കിയത് ഇക്കുറിയാണ്. 509 റൺസാണ് ഹീലി ഈ ലോകകപ്പിൽ  അടിച്ചു കൂട്ടിയത്. ലോകകപ്പ് ചരിത്രത്തിൽ ഒറ്റ എഡിഷനിൽ 500 റൺസ് പൂർത്തിയാക്കുന്ന ആദ്യ  വനിതാ താരം കൂടിയാണ് ഹീലി. ഒപ്പം ഫൈനലിലെ 170 റൺസ് പ്രകടനത്തോടെ ഹീലി ആസ്‌ട്രേലിയൻ വിക്കറ്റ് കീപ്പര്‍ ബാറ്റർ ഗിൽക്രിസ്റ്റിന്‍റെ ഒരു റെക്കോർഡ് കൂടെ പഴങ്കഥയാക്കി. പുരുഷ-വനിതാ ലോകകപ്പ് ഫൈനലുകളിലെ ടോപ്‌സ്‌കോറർ പട്ടമാണ് ഹീലി ഈ പ്രകടനത്തോടെ തന്‍റെ പേരിലാക്കിയത്. 2007 ലോകകപ്പ് ഫൈനലിൽ ഗിൽക്രിസ്റ്റ് ശ്രീലങ്കക്കെതിരെ നേടിയ 149 റൺസായിരുന്നു ഇതിന് മുമ്പത്തെ ടോപ്‌സ്‌കോർ.


ഹീലിയുടെ പ്രിയതമൻ മിച്ചൽ സ്റ്റാർക്കിന്‍റെ പേരിലുമുണ്ട് ലോകകപ്പ് റെക്കോർഡുകൾ. ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോർഡ്  സ്റ്റാർക്കിന്‍റെ പേരിലാണ്. 2015 ലോകകപ്പിൽ 27 വിക്കറ്റാണ് സ്റ്റാർക്ക് തന്‍റെ പേരിൽ കുറിച്ചത്. ഈ റെക്കോർഡ് പഴങ്കഥയാക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News