നിർണായക ക്യാച്ച് നഷ്ടപ്പെടുത്തി, ഹസൻ അലിയുടെ ഭാര്യക്ക് നേരെ വധഭീഷണി
ഇന്ത്യൻ വംശജയായ ഹസൻ അലിയുടെ ഭാര്യക്ക് നേരെ വധഭീഷണി മുഴക്കിയും ഇതിനോടകം തന്നെ നിരവധി പാക് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്
സെമിഫൈനലിൽ ഓസീസ് ബാറ്റർമാരിൽ നിന്ന് ഹസൻ അലി തലങ്ങും വിലങ്ങും അടി വാങ്ങിയിരുന്നു. പിന്നാലെ 19ാം ഓവറിൽ മാത്യു വെയ്ഡിനെ പുറത്താക്കാൻ ലഭിച്ച അവസരവും പാകിസ്താന്റെ ഫാസ്റ്റ് ബൗളർ പാഴാക്കി. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഹസൻ അലിക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് പാക് ആരാധകർ.
19ാം ഓവറിലെ മൂന്നാമത്തെ ഡെലിവറി മിഡ് വിക്കറ്റ് ബൗണ്ടറി ഏരിയയിലേക്കാണ് മാത്യു വെയ്ഡ് അടിച്ചത്. എന്നാൽ വെയ്ഡിന്റെ ടൈമിങ് തെറ്റി. ക്യാച്ചിനായി ഹസൻ അലി ഓടിയെത്തിയെങ്കിലും കണക്കു കൂട്ടൽ പിഴച്ചു. പന്ത് സുരക്ഷിതമായി കൈപ്പിടിയിൽ ഒതുക്കാൻ ഹസൻ അലിക്ക് കഴിഞ്ഞില്ല.
പിന്നെ വന്ന ഷഹീൻ അഫ്രീദിയുടെ മൂന്ന് ഡെലിവറിയും നിലം തൊടീക്കാതെ വേയ്ഡ് പറത്തി. ഓസ്ട്രേലിയ ഫൈനലിലേക്ക് ടിക്കറ്റ് നേടുകയും ചെയ്തു. നാല് ഓവറിൽ 44 റൺസ് വഴങ്ങിയതിനൊപ്പം നിർണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഹസൻ അലിയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്.
ഇന്ത്യൻ വംശജയായ ഹസൻ അലിയുടെ ഭാര്യക്ക് നേരെ വധഭീഷണി മുഴക്കിയും ഇതിനോടകം തന്നെ നിരവധി പാക് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.