'ലഖ്‌നൗ വാസം അടിപൊളിയായിട്ടുണ്ട്!'; ഹോട്ടൽമുറിയിലെ പാമ്പിന്റെ ചിത്രം പങ്കുവച്ച് മിച്ചൽ ജോൺസൻ

ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലെത്തിയ ആസ്‌ട്രേലിയൻ ഇതിഹാസതാരം മിച്ചല്‍ ജോണ്‍സന്‍ ജാക്വസ് കാലീസ് നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനു വേണ്ടിയാണ് കളിക്കുന്നത്

Update: 2022-09-20 01:51 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിനായി ഇന്ത്യയിലെത്തിയതാണ് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മിച്ചൽ ജോൺസൻ. ദക്ഷിണാഫ്രിക്കൻ ഇതിഹാസമായ ജാക്വസ് കാലീസ് നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനു വേണ്ടിയാണ് ലീഗിൽ മിച്ചൽ കളിക്കുന്നത്. അതിനിടെ, ലഖ്‌നൗവിലെ ഹോട്ടൽ മുറിയിലെത്തിയ പാമ്പിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

രസകരമായ അടിക്കുറിപ്പുമായാണ് താരം പാമ്പിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഏതിനം പാമ്പാണിതെന്ത് ആർക്കെങ്കിലും അറിയുമോ എന്നായിരുന്നു ചോദ്യം. എന്റെ മുറിക്കു ചുറ്റും കറങ്ങിനടക്കുന്ന പാമ്പാണെന്നും കുറിപ്പിൽ താരം വെളിപ്പെടുത്തി. പിന്നീട് പാമ്പിന്റെ മറ്റൊരു ചിത്രം കൂടി മിച്ചൽ പങ്കുവച്ചു. ''പാമ്പിന്റെ തലയുടെ കുറച്ചുകൂടി വ്യക്തതയുള്ള ഫോട്ടോ ലഭിച്ചു. ഇനിയും ഏതാണ് പാമ്പെന്ന് വ്യക്തമായിട്ടില്ല. ഇന്ത്യയിലെ ലഖ്‌നൗവിലെ വാസം അടിപൊളിയായിട്ടുണ്ട്..''-ഇത്തവണ ഇങ്ങനെയായിരുന്നു അടിക്കുറിപ്പ്.

പോസ്റ്റുകൾക്കു താഴെ ആരാധകരുടെ രസകരമായ കമന്റുകളും കാണാം. ആസ്‌ട്രേലിയയിൽനിന്ന് കൊണ്ടുവന്നതാണോ എന്നാണ് ഒരാളുടെ ചോദ്യം. ആള് അന്തിമ ഇലവനിലുണ്ടോ എന്ന് മറ്റൊരാൾ. ഇന്നലെ അയൽക്കാർക്കെതിരായ വിജയത്തിന് കണക്കുതീർക്കാൻ വന്നതാണെന്നും ഓട്ടോഗ്രാഫിന് വന്നതായിരിക്കുമെന്നുമെല്ലാം കമന്റുകളുണ്ട്.

ചിലർ പാമ്പിന്റെ പേരും വെളിപ്പെടുത്തി. മലയാളത്തിൽ വെള്ളിവരയൻ എന്ന പേരിൽ അറിയപ്പെടുന്ന വിഷമുള്ള ഇനത്തിൽപെട്ട Lycodon capucinus ആണെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം. കാട്ടുവിരിയൻ, ഡയമണ്ട് മലമ്പാമ്പ്, വെള്ളിക്കെട്ടൻ... അങ്ങനെ പോകുന്നു കമന്റ് ബോക്‌സിൽ നിരന്ന പേരുകൾ.

153 ഏകദിനങ്ങളിലും 73 ടെസ്റ്റിലും ആസ്‌ട്രേലിയൻ കുപ്പായമിട്ടിട്ടുണ്ട് മിച്ചൽ ജോൺസൻ. ടെസ്റ്റിൽ 313 വിക്കറ്റും ഏകദിനത്തിൽ 153 വിക്കറ്റുമാണ് താരം സ്വന്തം കീശയിലാക്കിയിട്ടുള്ളത്. 2015ൽ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഓസീസ് സംഘത്തിലുണ്ടായിരുന്നു. ടൂർണമെന്റിൽ 15 വിക്കറ്റുകളും താരം സ്വന്തമാക്കി.

Summary: Mitchell Johnson shares pic of snake he found in Lucknow hotel

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News