'ഈ നേട്ടം എന്റെ പിതാവിന് വേണ്ടി': മുഹമ്മദ് ഷമി പറയുന്നു...

ഈ നേട്ടം ഞാന്‍ എന്റെ പിതാവിനായി സമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. ഞാന്‍ നേടുന്ന എല്ലാ നേട്ടങ്ങളും അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്'- ഷമി പറഞ്ഞു.

Update: 2021-12-29 09:28 GMT
Editor : rishad | By : Web Desk
Advertising

അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഷമിയെ തേടി ഈ റെക്കോഡ് എത്തിയത്. ഇതോടെ ഷമിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.

എന്നാല്‍ തന്റെ ഈ നേട്ടം പിതാവിനുവേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് ഷമി പറയുന്നത്. 2017-ലാണ് ഷമിയുടെ പിതാവ് അന്തരിച്ചത്. ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ പരസ് മഹംബ്രേയുമായുള്ള അഭിമുഖത്തിനിടെയാണ് ഷമി ഇക്കാര്യം അറിയിച്ചത്.

'നേട്ടത്തില്‍ ഒരുപാട് അഭിമാനിക്കുന്നു. ഈ നേട്ടം ഞാന്‍ എന്റെ പിതാവിനായി സമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. ഞാന്‍ നേടുന്ന എല്ലാ നേട്ടങ്ങളും അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്'- ഷമി പറഞ്ഞു.

55-ാം ടെസ്റ്റിലാണ് ഷമി, ഈ അതിവേഗ നേട്ടം സ്വന്തമാക്കിയത്. 1983ല്‍ 50 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്, 2001ല്‍ 54-ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഇക്കാര്യത്തില്‍ ഷമിക്ക് മുന്നിലുള്ളത്. ഇതില്‍ ശ്രീനാഥിന്റെ നേട്ടവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു.

ജീവിതത്തിലും ക്രിക്കറ്റിലും നിരവധി ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്ന താരമാണ് ഷമി. പരുക്കുകൾ അദ്ദേഹത്തെ വിരമിക്കലിന്റെ വക്കിലെത്തിച്ചിരുന്നു. കഴിഞ്ഞ വർഷം, രോഹിത് ശർമ്മയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ, "കടുത്ത സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളും" ഉണ്ടായ കാലഘട്ടത്തിൽ മൂന്ന് തവണ ആത്മഹത്യ ചെയ്യാൻ താൻ ആലോചിച്ചിരുന്നതായി ഷമി വെളിപ്പെടുത്തിയിരുന്നു. ഇതിനെയെല്ലാം തരണം ചെയ്‌താണ്‌ തന്റെ 55-ാമത് ടെസ്റ്റ് മത്സരത്തിൽ ഷമി 200 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News