കണങ്കാലിനേറ്റ പരിക്ക്; മുഹമ്മദ് ഷമിക്ക് ഐപിഎൽ നഷ്ടമാകും,ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി
24 വിക്കറ്റുമായി ലോകകപ്പിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്.
ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് 2024 സീസൺ ഐപിഎൽ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ഇടത് കണങ്കാലിനേറ്റ പരിക്കിൽ ശസ്ത്രക്രിയക്കായി താരം ഉടൻ യു.കെയിലേക്ക് തിരിക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അടുത്ത മാസം ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാനിരിക്കെ താരത്തിന് തിരിച്ചുവരവിനുള്ള സമയമുണ്ടാവില്ല. ഐപിഎൽ ഗുജറാത്ത് ടൈറ്റൻസ് താരമാണ് മുഹമ്മദ് ഷമി. 33 കാരന്റെ നഷ്ടം നിലവിലെ റണ്ണേഴ്‌സപ്പായ ഗുജറാത്തിന് വലിയ തിരിച്ചടിയാണ്.
Mohammed Shami played the entire World Cup with the chronic heel issues and took injections so he could be there for India at the biggest stage. 🫡
— Mufaddal Vohra (@mufaddal_vohra) February 22, 2024
- He'll miss the entire IPL now because he played the World Cup with injury. 🇮🇳 pic.twitter.com/cfgfymprIA
കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്. തുടർന്നുള്ള ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ താരം കളിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മാച്ചിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ജനുവരി അവസാന വാരം ബംഗാൾ താരം ലണ്ടനിൽ കണങ്കാലിന് പ്രത്യേക കുത്തിവയ്പ്പുകൾ എടുത്തിരുന്നു. എന്നാൽ ഭേദമാകാത്തതിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
24 വിക്കറ്റുമായി ലോകകപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനമാണ് താരം നടത്തിയത്. പരിക്ക് വകവെക്കാതെയാണ് ലോക കപ്പിൽ താരം പന്തെറിഞ്ഞതെന്നും വാർത്തയുണ്ടായിരുന്നു. അടുത്തിടെ രാജ്യം അർജുനാ അവാർഡ് നൽകി ആദരിച്ചിരുന്നു. അന്താരാഷ്ട്ര കരിയറിൽ 229 ടെസ്റ്റ്, 195 ഏകദിന, 24 ടി20 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനായി ഐപിഎല്ലിൽ 33 മാച്ചുകളിൽ നിന്നായി 48 വിക്കറ്റുകളാണ് നേടിയത്. ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതോടെ പുതിയ സീസണിൽ ശുഭ്മാൻ ഗിലിന് കീഴിലാണ് ജിടി ഇറങ്ങുക.