"ആ ബോളറെ ടീമില്‍ നിന്ന് പുറത്താക്കിയത് എന്നെ അമ്പരപ്പിച്ചു കളഞ്ഞു''; ടീം സെലക്ഷനെതിരെ തുറന്നടിച്ച് രവി ശാസ്ത്രി
പരിശീലകന് ഇന്ത്യൻ ടീമിന്‍റെ സെലക്ഷനിൽ റോളൊന്നുമില്ലേയെന്ന് ചോദിച്ച വസീം അക്രമിനോട് ഇല്ലെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി
ഏഷ്യാകപ്പ് ടി20 യിൽ പുറത്താകലിന്‍റെ വക്കിലാണ് ടീം ഇന്ത്യ. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്താനോട് തോറ്റതിന് പിറകെ കഴിഞ്ഞ ദിവസം നടന്ന നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയോടും ഇന്ത്യ പരാജയമേറ്റു വാങ്ങിയിരുന്നു. കലാശപ്പോരിന് യോഗ്യത നേടാൻ ഇന്ത്യക്കിനി ചെറിയ സാധ്യതകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യന്‍ ടീമിന്‍റെ തുടര്‍ തോല്‍വികള്‍ക്ക് പിറകെ നിരവധി പേരാണ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വരുന്നത്.
പേസ് ബോളർ മുഹമ്മദ് ഷമിയെ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി. കഴിഞ്ഞ ലോകകപ്പിലും ബോളർമാരുടെ പോരായ്മ ടീം ഇന്ത്യ കണ്ടിരുന്നുവെന്നും മുമമ്മദ് ഷമിയെ പോലെയൊരു മികച്ച ബോളറെ ഒഴിവാക്കിയത് ശരിയായില്ലെന്നും ശാസ്ത്രി പ്രതികരിച്ചു.
"വെറും നാല് പേസ് ബോളർമാരുമായി ടീം ഇന്ത്യ ഏഷ്യാ കപ്പിനെത്തിയത് എന്നെ അമ്പരപ്പിച്ച് കളഞ്ഞു. മുഹമ്മദ് ഷമിയെ പോലെ ഒരു മികച്ച ബോളര്‍ ഉണ്ടായിരിക്കെ അയാൾ വീട്ടിലിരിക്കേണ്ടി വരുന്നത് നിരാശാജനകമാണ്. ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ ഐ.പി.എൽ കിരീടമണിയിക്കുന്നതിൽ നിർണ്ണായക പങ്കാണ് ഷമി വഹിച്ചത്"; രവി ശാസ്ത്രി പറഞ്ഞു. വസീം അക്രവുമായി നടത്തിയ സംഭാഷണത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം.
ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഷമി നടത്തിയ പ്രകടനം ഗംഭീരമായിരുന്നു. 16 കളികളില്‍ നിന്നും താരം 20 വിക്കറ്റുകളാണ് നേടിയത്. ഓവറില്‍ വിട്ടു നല്‍കിയതാകട്ടെ ശരാശരി 8 റണ്‍സും.
പരിശീലകന് ഇന്ത്യൻ ടീമിന്‍റെ സെലക്ഷനിൽ റോളൊന്നുമില്ലേയെന്ന് ചോദിച്ച വസീം അക്രമിനോട് ഇല്ലെന്നായിരുന്നു ശാസ്ത്രിയുടെ മറുപടി. എന്നാല്‍ പരിശീലകന് തന്‍റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യാ കപ്പിന് മുമ്പ് ജസ്പ്രീത് ബുംറയടക്കമുള്ള ബോളർമാർക്ക് പരിക്കേറ്റത് ടീം സെലക്ഷനിൽ വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയോട് ആറു വിക്കറ്റിന് തോറ്റതിന് പിന്നാലെ ഇന്ത്യയുടെ ഫൈനൽ പ്രവേശം തുലാസിലാണ് ഇപ്പോള്‍. ഇന്ത്യ പുറത്തായി എന്ന് പറയാനാകില്ലെങ്കിലും ചില കണക്കുകളിൽ പ്രതീക്ഷക്ക് വകയുണ്ട്. അതിലൊന്നാണ് ഇന്നത്തെ മത്സരം. ഏഷ്യാകപ്പിൽ ഇന്ന് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലാണ് മത്സരമെങ്കിലും ഇന്ത്യയും ഭാഗമാണ്. ഇന്ന് അഫ്ഗാനിസ്താൻ, പാകിസ്താനെ തോൽപിച്ചാൽ പ്രതീക്ഷ ഇന്ത്യക്കായി. പക്ഷേ അതുമാത്രം പോര.
അടുത്ത കളി ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെയാണ്. അതിൽ ഉയർന്ന റൺറേറ്റോടെ ജയിക്കണം. മാത്രമല്ല, ശ്രീലങ്ക പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക ജയിക്കുകയും വേണം. അങ്ങനെ വന്നാൽ ഉയർന്ന റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. ശ്രീലങ്കയാവും ഫൈനലിലെ എതിരാളികൾ.എന്നാൽ ഇന്ന് പാകിസ്താനാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യക്ക് ഒന്നും നോക്കാതെ മടങ്ങാം. അവസാന മത്സരം അഫ്ഗാനിസ്താനുമായി കളിക്കാമെന്ന് മാത്രം. അതോടെ ശ്രീലങ്കയും പാകിസ്താനും രണ്ട് ജയവുമായി ഫൈനലിൽ എത്തും. അവസാന സ്ഥാനക്കാരായി അഫ്ഗാനിസ്താനും ഇന്ത്യയും പുറത്തേക്കും.