'അതൊന്നും കാര്യമാക്കേണ്ട': അർഷ്ദീപിന് പിന്തുണയുമായി മുഹമ്മദ് ഷമി

അധിക്ഷേപങ്ങളൊന്നും കാര്യമാക്കാതെ അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് ഷമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്

Update: 2022-09-06 10:15 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: പാകിസ്താനെതിരായ മത്സരത്തിൽ നിർണായക ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപിന് നേരെ രൂക്ഷമായ അധിക്ഷേപങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഖലിസ്ഥാനി എന്ന് വിളിച്ചായിരുന്നു ഒരുവിഭാഗം അര്‍ഷ്ദീപിനെതിരെ ഗംത്ത് എത്തിയത്. വിക്കിപീഡിയ പേജ് വരെ തിരുത്തുകയും ചെയ്തു. വിദ്വേഷപ്രചാരണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും താരത്തിന് പിന്തുണയുമായി നിരവധി പേര്‍എത്തുന്നുണ്ട്.

ഇപ്പോഴിതാ മുഹമ്മദ് ഷമിയും അര്‍ഷ്ദീപിന് പിന്തുണയുമായി എത്തിയിരിക്കുന്നു. അധിക്ഷേപങ്ങളൊന്നും കാര്യമാക്കാതെ അടുത്ത മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നാണ് ഷമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. "വിഷമിക്കേണ്ട അർഷ്ദീപ്. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ വരാനിരിക്കുന്ന മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, മറ്റുകാര്യങ്ങളൊന്നും നോക്കുകയും കേൾക്കുകയും ചെയ്യേണ്ട- അര്‍ഷ്ദീപിന്റെ ചിത്രം പങ്കുവെച്ച് ഷമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ മുഹമ്മദ് ഷമിയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാൻ ആദ്യമായി ഇന്ത്യയെ തോൽപ്പിച്ചപ്പോഴായിരുന്നു ഷമി ഇരയായത്. 3.5 ഓവറിൽ 43 റൺസാണ് ഷമി വിട്ടുകൊടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപങ്ങളത്രയും. അതേസമയം ഷമിക്ക് ഏഷ്യാകപ്പ് സ്ക്വാഡില്‍ ഇടം നേടാനായില്ല.

നേരത്തെ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലും ട്രോളുകള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്കുമെതിരെ രംഗത്ത് എത്തിയിരുന്നു. 'ഞങ്ങളെ ട്രോളാൻ വേണ്ടി മാത്രമാണ് അവർ ജീവിക്കുന്നതെന്നായിരുന്നു ഷമിയുടെ മറുപടി. അവര്‍ക്ക് വേറെ ജോലിയൊന്നുമില്ല. ഇനി ഞങ്ങൾ നന്നായി കളിച്ചാല്‍ ഒരു നല്ല ക്യാച്ച് എടുത്താല്‍, അതൊന്നും അവര്‍ കാണില്ല'- ഷമി പറഞ്ഞു. 'ഞാനിതൊക്കെ നേരിട്ടിട്ടുണ്ട്, ഇതൊന്നും എന്നെ ബാധിക്കില്ല, കാരണം രാജ്യം അന്ന് എന്റെയൊപ്പം നിന്നിരുന്നു. അര്‍ഷ്ദീപിനോടും ഇത് തന്നെ പറയാനുള്ളൂ. ഇതൊന്നും നിങ്ങളെ തടസ്സപ്പെടുത്തരുത്, കാരണം നിങ്ങളുടെ കഴിവ് വളരെ വലുതാണ്'- ഷമി വ്യക്തമാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News