കരിയറിലെ മോശം ഫോമിൽ; സിറാജിന് എന്തുപറ്റി?
അവനെ കാണുമ്പോൾ വല്ലാതെ ക്ഷീണിച്ച പോലെ തോന്നുന്നു. മാനസികമായി മാത്രമല്ല, ശാരീരികമായും വളരെയധികം തളർന്നിട്ടുണ്ട്. അവന് ഒരു വിശ്രമം ആവശ്യമുണ്ട് -മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിന് പിന്നാലെ ബെംഗളൂരു താരം മുഹമ്മദ് സിറാജിനെക്കുറിച്ച് ഇന്ത്യൻ താരം ഹർഭജൻ സിങ് പറഞ്ഞ വാക്കുകളാണിത്. ഹർഭജൻ സിങ്ങിന്റെ മാത്രമല്ല, ബ്രയൻ ലാറ, ടോം മൂഡി, ദീപ് ദാസ് ഗുപ്ത അടക്കമുള്ള ക്രിക്കറ്റ് പണ്ഡിതരും സിറാജിനെക്കുറിച്ച് സമാന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിെൻ മോശം പ്രകടനത്തിന് പിന്നാലെ അവരുടെ പ്രീമിയം പേസർ മുഹമ്മദ് സിറാജിന്റെ പെർഫോമൻസിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്.
ഈ ഐപിഎൽ സീസണിൽ ആറുമത്സരങ്ങളിൽ കളത്തിലിറങ്ങിയ സിറാജിന്റെ ബൗളിങ് എക്കോണമി 10.41 ആണ്. കൃത്യമായി പറഞ്ഞാൽ ഈ ഐ.പി.എല്ലിൽ 132 പന്തുകൾ എറിഞ്ഞ സിറാജ് വിട്ടുകൊടുത്തത് 229 റൺസ്. നേടിയത് നാലുവിക്കറ്റുകൾ മാത്രം. 2017 മുതൽ ഐപിഎല്ലിൽ കളിക്കുന്ന സിറാജ് ഇത്രയും മോശം എക്കോണമിയിൽ ഇതുവരെ പന്തെറിഞ്ഞിട്ടില്ല.
2019ൽ ഐ.പി.എൽ വരെ കളിക്കളത്തിൽ അതിക്രൂരമായി ആക്രമിക്കപ്പെട്ടിരുന്ന സിറാജ് 2020 സീസൺ മുതലാണ് ഐ.പി.എല്ലിൽ മാസ് റീ എൻട്രി നടത്തുന്നത്. ആ സീസണിൽ അബൂദബിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടത്തിയ ഒരൊറ്റ സ്പെല്ലിലൂടെ അതുവരെ തനിക്കുണ്ടായിരുന്ന ചീത്തപ്പേരുകളെല്ലാം സിറാജ് മായ്ച്ചുകളഞ്ഞുവെന്നു പറയാം. നാലോവർ എറിഞ്ഞ സിറാജ് രണ്ട് മെയ്ഡൻ ഓവറടക്കം വിട്ടുകൊടുത്തത് എട്ടുറൺസ് മാത്രം. വിലപ്പെട്ട മൂന്നുവിക്കറ്റുകളും വീഴ്ത്തി. ഐ.പി.എൽ ചരിത്രത്തിലെത്തന്നെ മികച്ച സ്പെൽ സിറാജിന്റെ കരിയറിനെത്തന്നെ എന്നെന്നേക്കുമായി മാറ്റിയെന്ന് പറയാം. തുടർന്നുള്ള സീസണുകളിലെല്ലാം ആർ.സി.ബിയുടെ ബൗളിങ് ഡിപ്പാർട്മെന്റിനെ മുന്നിൽ നിന്ന് നയിക്കുകയെന്ന ചുമതല സിറാജിനായിരുന്നു.
പൊതുവേ ബൗളർമാർക്ക് മോശം പേരുള്ള ആർ.സി.ബിയിൽ വിശ്വസിക്കാവുന്ന ബൗളറായി സിറാജ് വളർന്നു. 2021 സീസണിൽ 15 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടും സിറാജിന്റെ ബൗളിങ് എക്കോണമി 6.78 മാത്രമായിരുന്നു. ഇതിനിടയിൽ ഏത് ഫോർമാറ്റിലും വിശ്വസിക്കാവുന്ന ബൗളറായി വളർന്ന സിറാജ് ഇന്ത്യൻ ടീമിലെയും അവിഭാജ്യഘടകമായി മാറി. തീപാറുന്ന സ്പെല്ലുകൾ എറിഞ്ഞ സിറാജ് അതിവേഗത്തിൽ ഏകദിന ലോക റാങ്കിങ്ങിൽ ഒന്നാമനായി. പോയ സീസണിലും ബെംഗളൂരു ജഴ്സിയിൽ സിറാജ് വളരെ അച്ചടക്കത്തോടെയാണ് പന്തെറിഞ്ഞിരുന്നത്. 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ സിറാജ് 7. 52 എക്കോണമിയിൽ 19 വിക്കറ്റുകളും എറിഞ്ഞിട്ടിരുന്നു.
യുസ്വേന്ദ്ര ചഹൽ അടക്കമുള്ള വെറ്ററൻ ബൗളർമാരെപ്പോലും വിട്ടുകളഞ്ഞപ്പോഴും സിറാജിനെ ആർ.സി.ബി നിലനിർത്തിയത് അചഞ്ചലമായ വിശ്വാസത്താലാണ്. സിറാജ് അച്ചടക്കത്തോടെ പന്തെറിയുമെന്നും മുന്നിൽ നിന്നും നയിക്കുമെന്നും കരുതിയ ആർ.സി.ബി മാനേജ്മെന്റിനെയും ആരാധകരെയും സിറാജിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നുണ്ട്. എതിരാളികൾ തന്നെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുമ്പോഴും ആയുധങ്ങളൊന്നുമില്ലാതെ നിസഹായനായി നിൽക്കുന്ന സിറാജിനെയാണ് മൈതാനങ്ങളിൽ കാണുന്നത്.
എന്നാൽ ഏതാനും മത്സരങ്ങളിലെ മോശം പ്രകടനങ്ങൾ കൊണ്ട് നിഷേധിക്കാനാവുന്ന പ്രതിഭയല്ല സിറാജ്. മറ്റേത് താരത്തെക്കാളും പരിഹാസങ്ങൾ ഏറ്റുവാങ്ങിയ സിറാജ് അതിമനോഹരമായ തിരിച്ചുവരവുകളാൽ കൂക്കിവിളിച്ചവരെക്കൊണ്ട് പോലും കൈയ്യടിപ്പിച്ചവനാണ്. ഒരു കാലത്ത് ഇന്ത്യയിലെ എലൈറ്റ് ക്ലാസിന് മാത്രം അപ്രാഭ്യമായിരുന്ന ഇന്ത്യൻ ക്രിക്കറ്റെന്ന കൊടുമുടിയെ കഠിനാധ്വാനത്താൽ കീഴടക്കിയ പ്രതിഭയാണ് അയാൾ. വ്യക്തിജീവിതത്തിലും കരിയറിലുമുള്ള തന്റെ മോശം സമയങ്ങളിൽ വിരാട് കോഹ്‍ലിയടക്കമുള്ളവർ തന്നിലർപ്പിച്ച വിശ്വാസം അയാൾ ഇരട്ടിയായി തിരിച്ചുകൊടുത്തിട്ടുമുണ്ട്. തീർച്ചയായും അയാളിനിയും തിരിച്ചുവരിക തന്നെ ചെയ്യും.