'ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല': വെളിപ്പെടുത്തലുമായി മോഹിത് ശർമ്മ
അവസാന രണ്ട് പന്തുകളിൽ ഒരു സിക്സും ഒരു ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു.
അഹമ്മദാബാദ്: ഐ.പി.എല്‍ 2023 സീസണിലെ ഏറ്റവും മികച്ച തിരിച്ചുവരവ് മോഹിത് ശര്‍മയുടേത് ആയിരിക്കും. എന്നാല്‍ ഫൈനലില്‍ അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ മോഹിതിനെ വില്ലനാക്കി. മത്സരത്തിനുശേഷമുള്ള രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ലെന്ന് മോഹിത് പറയുന്നു.
‘‘വീണ്ടും യോർക്കർ എറിയാനാണ് ശ്രമിച്ചത്. കൂടുതൽ ശ്രദ്ധയോടെ കളിക്കാനാണ് ആഗ്രഹിച്ചത്. ഈ ഐപിഎല്ലിലുടനീളം ഞാൻ അത് ചെയ്തു. പക്ഷെ, ആ പന്തുകൾ വീണത് പ്രതീക്ഷിച്ച സ്ഥലത്തായിരുന്നില്ല, ജഡേജ അവസരം ഉപയോഗപ്പെടുത്തി’, മോഹിത് പറഞ്ഞു. അവസാന രണ്ട് പന്തുകളിൽ ഒരു സിക്സും ഒരു ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു.
അതേസമയം മോഹിത് അഞ്ചാം പന്ത് എറിയുന്നതിന് മുമ്പ് സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്റെ ആത്മവിശ്വാസം കളഞ്ഞതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പക്ഷെ മോഹിത് അത് തള്ളിക്കളഞ്ഞു. തന്റെ പ്ലാൻ എന്താണെന്നറിയാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നെന്നും വീണ്ടും യോർക്കർ എറിയാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞെന്നുമാണ് മോഹിത് നൽകുന്ന വിശദീകരണം
14 കളികളില്‍ 27 വിക്കറ്റുമായി ഇത്തവണ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ രണ്ടാമനാകാനും മോഹിത്തിന് സാധിച്ചിരുന്നു. ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ജയിച്ചിരുന്നെങ്കില്‍ മോഹിത് ശര്‍മയ്ക്ക് ഹീറോ പരിവേഷം ലഭിച്ചേനേ. അവസാന ഓവറില്‍ പന്തെറിഞ്ഞ താരം 13 റണ്‍സ് പ്രതിരോധിക്കുമായിരുന്നു. ആദ്യ നാല് പന്തുകളില്‍ 3 റണ്‍സ് മാത്രം വഴങ്ങിയശേഷം അവസാന രണ്ടു പന്തുകളില്‍ ഒരു സിക്‌സും ഫോറും ജഡേജ അടിച്ചെടുത്തത് മോഹിത്തിനെ ഏറേക്കാലം വേട്ടയാടും.
അവസാന പന്തില്‍ ബൗണ്ടറി നേടി ജഡേജയും സഹകളിക്കാരും ആഘോഷം ആരംഭിക്കവെ മോഹിത് ശര്‍മയെ അങ്ങേയറ്റം നിരാശനായി മൈതാനത്ത് കാണാമായിരുന്നു. ഗുജറാത്ത് പരിശീലകന്‍ ആശിഷ് നെഹ്റ താരത്തെ ആശ്വസിപ്പിന്നുണ്ടായിരുന്നു.