എന്തൊക്കെ ബഹളമായിരുന്നു; ധോണിയുടെ വാര്‍ത്താ സമ്മേളനം വെറും മാര്‍ക്കറ്റിങ് തന്ത്രം
വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷകളെ മുഴുവന്‍ അസ്ഥാനത്താക്കി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്ങ് ധോണിയുടെ വാർത്താ സമ്മേളനം
വമ്പൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷകളെ മുഴുവന്‍ അസ്ഥാനത്താക്കി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്ങ് ധോണിയുടെ വാർത്താ സമ്മേളനം. ആരാധകർക്ക് ആവേശം പകരുന്ന വാർത്ത പ്രഖ്യാപിക്കുമെന്ന് ധോണി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതോടെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകർ.
സോഷ്യൽ മീഡിയയുടെ കാര്യത്തിൽ സാധാരണ കായികതാരങ്ങളിൽനിന്നു വ്യത്യസ്തനായ ധോണി സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവനല്ല . 2021 ജനുവരി എട്ടിനാണ് അവസാനമായി ധോണി ട്വിറ്ററിൽ ഒരു പോസ്റ്റിട്ടത്. ഇൻസ്റ്റഗ്രാമിലും ഇതേ തിയതി തന്നെയായിരുന്നു അവസാന പോസ്റ്റ്. വല്ലപ്പോഴും ഫേസ്ബുക്കിൽ പ്രമോഷനുകളുമായി എത്താറുണ്ടെന്നതു മാത്രമാണ് ആരാധകർക്ക് ഏക ആശ്വാസം.
എന്നാല്‍ 2020 ആഗസ്റ്റ് 15ന് ഒരു ട്വീറ്റിലൂടെയായിരുന്നു ആരാധകരെ ഞെട്ടിച്ച് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇത്തരത്തിൽ ഞെട്ടിക്കൽ വാർത്തകൾ വല്ലതുമാകുമോ എന്ന ആശങ്കയിലായിരുന്നു ആരാധകർ; പ്രത്യേകിച്ചും ചെന്നൈ സൂപ്പർ കിങ്‌സിനെ(സി.എസ്.കെ) പിന്തുണയ്ക്കുന്ന കായികപ്രേമികൾ. ഐ.പി.എല്ലിൽനിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക.
പുതുതായി ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ലീഗിൽ സി.എസ്.കെയുടെ ഉടമസ്ഥതയിലുള്ള ജോഹന്നാസ്ബർഗ് സൂപ്പർ കിങ്‌സിന്റെ പരിശീലകനായി ധോണി എത്തിയേക്കുമെന്നും നേരത്തെ വാർത്തയുണ്ടായിരുന്നു. അതിനെ ചുറ്റിപ്പറ്റിയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
ഒടുക്കം ധോണി വാര്‍ത്താ സമ്മേളനമാരംഭിച്ചപ്പോള്‍ അസ്ഥാനത്തായത് ആരാധകരുടെ പ്രതീക്ഷകള്‍. ധോണിയുടെ വാര്‍ത്താ സമ്മേളനം ഒരു ബിസ്ക്കറ്റ് കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടിയ 2011 ല്‍ തന്നെയായിരുന്നു ഈ ബിസ്കറ്റ് കമ്പനി സ്ഥാപിക്കപ്പെട്ടത്. ഇതിനോട് ചേര്‍ത്ത് 2011 ലോകകപ്പിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുക്കാനായിരുന്നു ധോണിയുടെ വാര്‍ത്താ സമ്മേളനം. ബിസ്കറ്റ് കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രം ഫലം കണ്ടു. ധോണിയുടെ വാര്‍ത്താ സമ്മേളനം സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ഏറ്റെടുത്തു. കമ്പനിയുടെ പുതിയ ബിസ്ക്കറ്റിന്‍റെ ലോഞ്ചും നിര്‍വഹിച്ചാണ് താരം മടങ്ങിയത്.