വന്ന വഴി മറക്കാതെ എം.എസ് ധോണി; കോടികളേക്കാൾ വിലയുണ്ട് ഈ സ്‌നേഹത്തിന്
42ാം വയസിലും ഐപിഎല്ലിലൂടെ ആരാധകരെ തൃപ്തിപ്പെടുത്തി മുന്നേറുകയാണ് ഈ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ.
റാഞ്ചി: എം.എസ് ധോണിക്ക് മുൻപും ശേഷവും. ഇന്ത്യൻ ക്രിക്കറ്റിനെ ഇങ്ങനെ വേർതിരിച്ചു കാണുന്ന ആരാധകരുണ്ട്. ഏകദിന,ട്വന്റി 20 ലോക കിരീടം ചൂടിയ ധോണിക്ക് ശേഷം മറ്റൊരു ഐസിസി നേട്ടം കൈവരിക്കാൻ നീല പടക്കായിട്ടില്ല. 2019 ലാണ് ധോണി ദേശീയ ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നത്. അതിന് ശേഷം നടന്ന ട്വന്റി 20യിലും ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുമെല്ലാം ഇന്ത്യക്ക് കാലിടറി.
42ാം വയസിലും ഐപിഎല്ലിലൂടെ ആരാധകരെ തൃപ്തിപ്പെടുത്തി മുന്നേറുകയാണ് ഈ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ. ഓരോ സീസൺ കഴിയുമ്പോഴും വിരമിക്കൽ വാർത്തകൾ പ്രചരിക്കുമെങ്കിലും പുത്തൻ ലുക്കിൽ 'തല' അവതരിക്കും. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് സിഎസ്‌കെ മറ്റൊരു കിരീടത്തിൽ മുത്തമിടുമ്പോഴും എം.എസ്.ഡി മാജികുണ്ടായിരുന്നു. പുതിയ സീസൺ ആരംഭിക്കാനിരിക്കെ റാഞ്ചിയിൽ നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്ന ധോനിയുടെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നെറ്റ്സിൽ പരിശീലനത്തിനായി ധോണി ഉപയോഗിക്കുന്ന ബാറ്റിലെ സ്റ്റിക്കറാണ് ഏവരും ശ്രദ്ധിച്ചത്.
ലോകത്തെ മുൻനിര ബ്രാൻഡുകളെല്ലാം കോടികൾ വാഗ്ദാനം ചെയ്ത് ക്യൂ നിൽക്കുമ്പോഴും തന്റെ ബാറ്റിൽ 'പ്രൈം സ്പോർട്സ്' എന്ന സ്റ്റിക്കറാണ് ധോണി പതിച്ചത്. ഇതിന് പിന്നാലെ ആരാണ് ഈ സ്‌പോൺസർ എന്നതായി അന്വേഷണം. ഒടുവിൽ അതുകണ്ടെത്തി. ധോണിയുടെ ബാല്യകാല സുഹൃത്തായ പരംജിത്ത് സിങ്ങിന്റെ ഉടമസ്ഥതയിൽ റാഞ്ചിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് കടയുടെ പേരാണിത്. കരിയറിന്റെ തുടക്കത്തിൽ, ഒന്നുമല്ലാതിരുന്ന കാലത്ത് ബാറ്റും മറ്റു ക്രിക്കറ്റ് ഉപകരണങ്ങളുമായി സഹായിച്ചത് സുഹൃത്തുക്കളും നാട്ടുകാരുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റായി ഉയർന്നിട്ടും വന്നവഴി മറക്കാത്ത ക്യാപ്റ്റൻ കൂളിന്റെ ഈ കരുതൽ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.
ആദ്യമായല്ല ധോണിയുടെ ഇത്തരമൊരു ഇടപെടൽ. നേരത്തെ, കരിയറിൽ ഉയർന്ന വിപണി മൂല്യത്തിൽ നിൽക്കുന്ന സമയത്തും തന്റെ സുഹൃത്തുക്കളെ സഹായിക്കാൻ താരം മുന്നോട്ട് വന്നിരുന്നു. അന്ന് കോടികളുടെ കരാർ ഉപേക്ഷിച്ച് റാഞ്ചിക്കാരൻ പ്രാദേശിക ബാറ്റ് നിർമാതാക്കളായ ബി.എ.എസിന്റെ സ്റ്റിക്കറാണ് ബാറ്റിൽ പതിച്ചത്. ഉടമയായ സോമി കോഹ്‌ലിയാണ് പിന്നീട് ഇക്കാര്യം വെളിപ്പെടുത്തിയത്. 2019 ഏകദിന ലോകകപ്പിലും ധോണിയുടെ ബാറ്റിൽ ഇടംപിടിച്ച ലോഗോ ബിഎഎസിന്റേതായിരുന്നു. സാമ്പത്തിക വിഷയം അദ്ദേഹം പരാമർശിച്ചതേയില്ല. നിങ്ങളുടെ സ്റ്റിക്കറുകൾ എന്റെ ബാറ്റിൽ പതിക്കൂ... ഇതുമാത്രമായിരുന്നു ധോണി പറഞ്ഞിരുന്നത്-സോമി കോഹ്‌ലി പറഞ്ഞു.
നിങ്ങൾ എന്നെ സഹായിക്കുമ്പോൾ കോടികൾ നഷ്ടമാകില്ലേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചെങ്കിലും സ്വതസിദ്ധമായ ശൈലിയിൽ ചിരിക്കുക മാത്രമാണ് ക്യാപ്റ്റൻ കൂൾ ചെയ്തത്. ധോണിയും ബിഎഎസും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് 1998ലായിരുന്നു. കുട്ടിയായിരുന്ന സമയത്ത്് ധോണിയെ സഹായിക്കാൻ ബിഎഎസ് മുന്നോട്ട് വന്നിരുന്നു. തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയായ 148 റൺസ് നേടിയതും ബിഎഎസ് സ്റ്റിക്കർ പതിച്ച ബാറ്റ്ഉപയോഗിച്ചായിരുന്നു. ഇടത്തരം കുടുംബത്തിൽ നിന്ന് ക്രിക്കറ്റ് കളിച്ച് ഇന്ത്യയുടെ നായകസ്ഥാനംവരെയെത്തിയ താരമാണ് എം.എസ് ധോണി. കരിയറിന്റെ തുടക്കത്തിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചാണ് റാഞ്ചി സ്വദേശി നേട്ടങ്ങളുടെ നെറുകയിലേക്ക് ഓരോപടവുകളും കയറിയത്.