മുംബൈ പഴയ മുംബൈയാകുമോ; 'തലമാറ്റം' വരുത്തിയ ശീതയുദ്ധം തീർക്കാൻ വേണം ആറാം കിരീടം
കീറൻ പൊള്ളാർഡ് ഒഴിച്ചിട്ട ഓൾ റൗണ്ടർ കസേരയാണ് ഹാർദികിലൂടെ മാനേജ്‌മെന്റ് പ്രതീക്ഷ വെക്കുന്നത്.
അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻസ്. കൂടുതൽ ആരാധക പിന്തുണയുള്ള സംഘം. ഏതു സാഹചര്യത്തിലും കളി തിരിച്ചുപിടിക്കാൻ കെൽപ്പുള്ള ദൈവത്തിന്റെ പോരാളികൾ. മുംബൈ ഇന്ത്യൻസ് ഐപിഎൽ 17ാം പതിപ്പിൽ ആറാം കിരീട പോരാട്ടത്തിനിറങ്ങുമ്പോൾ ആരാധകർക്ക് പറഞ്ഞു പഴകിയ വിശേഷണങ്ങൾക്കൊപ്പം ഇത്തവണ മറ്റൊന്നു കൂടി ചേർത്തു പറയേണ്ടിവരും. 'തലമുറമാറ്റത്തിലൂടെയുള്ള പുത്തൻ ചുവടുവെപ്പാണ് ഈ സീസൺ'.
നീലപടക്ക് അഞ്ച് കിരിടം സമ്മാനിച്ച, ഒരു പതിറ്റാണ്ട് നയിച്ച രോഹിത് ശർമ ഇത്തവണ ടീമിലെ ഒരു സാധാരണ താരം മാത്രമാണ്. സർപ്രൈസ് നീക്കത്തിലൂടെ മാസങ്ങൾക്ക് മുൻപ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് അടർത്തികൊണ്ടുവന്ന മുൻ താരം കൂടിയായ ഹാർദിക് പാണ്ഡ്യയാണ് നായക സ്ഥാനത്ത്. ഇതേ തുടർന്ന് ഡ്രസിങ് റൂമിലും പുറത്തും നിറഞ്ഞ കറുത്തപുക മാറി മാനവും മനസും തെളിയാൻ കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല ഈ സൂപ്പർസ്റ്റാർ സംഘത്തിന്. 2020ന് ശേഷമുള്ള കിരീട വരൾച്ചക്ക് നാല് വർഷങ്ങൾക്കിപ്പുറം കണക്കുതീർക്കാൻ സാധിച്ചാൽ തനിക്കെതിരായ എതിർ ശബ്ദങ്ങളെ അടിച്ചമർത്താൻ ഹാർദികിന് സാധിക്കും. മറിച്ചാണെങ്കിൽ വലിയൊരു പൊട്ടിതെറിയിലേക്ക് കാര്യങ്ങൾ നീങ്ങും. രണ്ട് തവണ ഗുജറാത്ത് നായകസ്ഥാനത്തെത്തി ഒരുതവണ ചാമ്പ്യനും ഒരു തവണ ഫൈനലിസ്റ്റുമാക്കിയ 30കാരനിൽ മുംബൈ മാനേജ്‌മെന്റിന് അത്രത്തോളം പ്രതീക്ഷയാണുള്ളത്. എന്നാൽ ഗുജറാത്തല്ല മുംബൈ, ഇവിടെ കാര്യങ്ങൾ എളുപ്പമാകില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ ടീം പ്രകടനം മികച്ചതായിരുന്നില്ല. 2021ൽ അഞ്ചാംസ്ഥാനത്തും 22ൽ പത്താം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്. ആഞ്ഞുപിടിച്ചിട്ടാണ് കഴിഞ്ഞ തവണ മുംബൈക്ക് പ്ലേഓഫ് വരെയെങ്കിലും എത്താനായത്.
എന്നാൽ ഹാർദികിന്റെ വരവ് ടീമിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. കീറൻ പൊള്ളാർഡ് ഒഴിച്ചിട്ട ഓൾറൗണ്ടർ കസേരയാണ് ഹാർദികിലൂടെ മാനേജ്‌മെന്റ് പ്രതീക്ഷ വെക്കുന്നത്. ഹാർദികിനെ ഉൾകൊള്ളാൻ വിട്ടു കളഞ്ഞ കാമറൂൺ ഗ്രീനിന്റെ റോളിൽ ഓസീസ് താരം ടിം ഡേവിഡിന് ശോഭിക്കാൻ കഴിഞ്ഞാൽ വിജയത്തിലേക്കുള്ള വഴി എളുപ്പമാകും. ഓപ്പണിങ് റോളിൽ ഇഷാൻ കിഷനും രോഹിത് ശർമ്മയും അണിനിരക്കുമെങ്കിലും മൂന്നാം നമ്പറിൽ ആരെ ഇറക്കുമെന്നതിൽ വ്യക്തത വരാൻ ആദ്യ മത്സരം വരെ കാത്തിരിക്കേണ്ടിവരും. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതിനാൽ സൂര്യകുമാർ യാദവിന് ഇതുവരെ ബിസിസിഐയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ല. അതിനാൽ ആദ്യമത്സരങ്ങളിൽ സ്‌കൈയുടെ സേവനം ലഭിക്കിച്ചേക്കില്ല. മധ്യനിരയിൽ തിലക് വർമ്മയുടെ ഫോമും നിർണായകമാണ്.
ഫിനിഷറുടെ റോളിൽ ടിം ഡേവിഡിനൊപ്പം അഫ്ഗാൻ ഓൾറൗണ്ടർ മുഹമ്മദ് നബിയുടെ സർപ്രൈസ് എൻട്രിയും ഇത്തവണ നീലപടക്ക് പ്രതീക്ഷ പകരുന്നതാണ്. നേരത്തെ സൺറൈസേഴ്‌സിലും കൊൽക്കത്തയിലും കളിച്ചിട്ടുണ്ടെങ്കിലും വരവറിയിക്കാൻ നബിക്ക് കഴിഞ്ഞിരുന്നില്ല. സമീപകാലത്ത് ഉജ്ജ്വലഫോമിലുള്ള അഫ്ഗാൻ താരത്തെ ഡെത്ത് ഓവറിലേക്ക് മുംബൈ കരുതിവെക്കും. കഴിഞ്ഞ സീസണിൽ പ്രതിഭയുടെ മിന്നലാട്ടം കാണിച്ച മലയാളിതാരം വിഷ്ണു വിനോദും മുംബൈ മാനേജ്‌മെന്റിന്റെ റഡാറിലുള്ള താരമാണ്. ഇംപാക്ട് പ്ലെയറുടെ റോളിൽ താരമെത്തിയാലും അത്ഭുതപ്പെടാനില്ല.
മുൻ സീസണിലേതുപോലെ മികച്ചൊരു വിദേശ ബൗളറില്ലാത്തതാണ് ഹാർദികും സംഘവും നേരിടുന്ന പ്രധാന വെല്ലുവിളി. ലസിത് മലിംഗയും ട്രെൻഡ്‌ബോൾട്ടും തെളിയിച്ച പേസ് ആക്രമണത്തിലേക്ക് പുതിയൊരു താരം ഇതുവരെയെത്തിയിട്ടില്ല. ജസ്പ്രീത് ബുംറ ആകാശ് മധ്വാൽ എന്നിവർക്കൊപ്പം ആരെ ഇറക്കുമെന്നതാണ് കൺഫ്യൂഷൻ. ആസ്‌ത്രേലിയൻ താരം ജേസൺ ബെഹറൻഡോഫ്, ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്ക എന്നിവർ പരിക്ക്മൂലം ഈ സീസണിൽ കളിക്കില്ലെന്ന് ഉറപ്പായതും തിരിച്ചടിയുടെ ആക്കം കൂട്ടുന്നതായി. ഇതോടെ ആദ്യ ഐപിഎൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ജെറാൾഡ് കോട്ട്‌സെയെ അമിതമായി ആശ്രയിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കയുടെ 17 കാരൻ ഖ്വേന മപാകയെ ടീമിലെത്തിച്ചും മുംബൈ കളിക്ക് മുൻപെ അപ്രതീക്ഷിത നീക്കവും നടത്തി. സ്പിൻ ഡിപാർട്ട്‌മെന്റിൽ പ്രതീക്ഷ വെറ്ററൻ താരം പീയുഷ് ചൗളയിലാണ്.
ഐപിഎലിന് മുൻപായി നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് ശർമ്മയെ മാറ്റിയതെന്തിനെന്ന ചോദ്യത്തിന് മുന്നിൽ പരിശീലകൻ മാർക്ക് ബൗച്ചറും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും മഹാമൗനത്തിൽ ഒളിക്കുകയായിരുന്നു. ഇതോടെ ഫ്രാഞ്ചൈസിക്കുള്ളിൽ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാണ്. എന്നാൽ മൈതാനത്ത് എന്നും അത്ഭുതംകാണിച്ച ചാമ്പ്യൻ സംഘത്തിന്, ഒരേയൊരു മാച്ചിലൂടെ പ്രശ്‌നങ്ങളെയെല്ലാം ബൗണ്ടറികടത്താനാകും. 24ന് രാത്രി 7.30ന് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈയുടെ എതിരാളികൾ.