മുംബൈയ്ക്ക് ഇനി പ്ലേ ഓഫ് സാധ്യതയുണ്ടോ?, കണക്കുകള്‍ ഇങ്ങനെ
നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലുള്ള കൊല്‍ക്കത്തയെ മറികടക്കണമെങ്കില്‍ അസാധ്യം എന്നു തന്നെ പറയാവുന്ന മാര്‍ജിനില്‍ മുംബൈ ജയിക്കണം
ഐപിഎല്ലിന്റെ പല സീസണിലും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട് തുടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് അവസാന മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടി പ്ലേ ഓഫില്‍ എത്തുകയും പിന്നീട് കീരീടം നേടുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഈ സീസണിലും അതുപോലുള്ള പ്രതീക്ഷകള്‍ മുംബൈ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത -രാജസ്ഥാന്‍ മത്സരത്തോടെ മുംബൈയുടെ പ്രതീക്ഷകളെല്ലാം ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.
ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രം പോരാ മുംബൈയ്ക്ക്. നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലുള്ള കൊല്‍ക്കത്തയെ മറികടക്കണമെങ്കില്‍ അസാധ്യം എന്നു തന്നെ പറയാവുന്ന മാര്‍ജിനില്‍ മുംബൈ ജയിക്കണം. ഇന്ന് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈയാണ് ആദ്യം ബാറ്റു ചെയ്യുന്നതെങ്കില്‍ 220 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ഹൈദരാബാദിനെ 50 റണ്‍സില്‍ എറിഞ്ഞിടുകയും വേണം. ഇനി മുംബൈയ്ക്ക് ബോളിങ്ങാണ് ലഭിക്കുന്നതെങ്കില്‍ ഹൈദരാബാദിനെ 50 റണ്‍സില്‍ എറിഞ്ഞൊതുക്കുകയും 3 ഓവറില്‍ ഈ സ്‌കോര്‍ മുംബൈ മറികടക്കുകയും വേണം.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിന് തോല്‍പ്പിച്ചു.കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16 ഓവറില്‍ 85 റണ്‍സിന് ഓള്‍ ഔട്ടായി. 44 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് അല്‍പമെങ്കിലും പൊരുതിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം രാജസ്ഥാന്റെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ രണ്ട് പേര്‍ക്കല്ലാതെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. കൊല്‍ക്കത്തക്കായി ശിവം മാവി 21 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.