'ഇതിഹാസ താരത്തിൽ പ്രചോദനമുൾകൊണ്ടാണ് ബാറ്റ് വീശിയത്'; സച്ചിന്റെ റെക്കോർഡ് തകർത്ത ശേഷം മുഷീർ ഖാൻ
29 വർഷം പഴക്കമുള്ള റെക്കോർഡാണ് യുവതാരം മറികടന്നത്.
മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ സെഞ്ച്വറി നേട്ടത്തിലൂടെ മുംബൈയുടെ കൗമാര താരം മുഷീർ ഖാൻ അപൂർവ്വമായൊരു റെക്കോർഡ് മറികടന്നു. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ 29 വർഷം മുൻപ് കുറിച്ച നേട്ടമാണ് യുവതാരം സ്വന്തം പേരിലാക്കിയത്. രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായ കുറഞ്ഞ താരമായാണ് 20 കാരൻ മാറിയത്. സമീപ കാലത്തായി മികച്ച ഫോമിൽ തുടരുന്ന മുഷീർ, രഞ്ജിയിലും ഇതാവർത്തിക്കുകയായിരുന്നു. അഞ്ചാമത്തെ മാത്രം ആഭ്യന്തര മത്സരത്തിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്.
കലാശപോരിൽ 136 റൺസാണ് ഇന്ത്യൻ ടെസ്റ്റ് ടീം താരം സർഫറാസ് ഖാന്റെ സഹോദരൻ കൂടിയായ മുഷീർ നേടിയത്. മത്സര ശേഷം റെക്കോർഡ് നേട്ടത്തിൽ വികാരനിർഭരമായാണ് താരം പ്രതികരിച്ചത്. 'സച്ചിൻ സാർ ഇവിടെയുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു. എന്നാൽ ഞാൻ 60 റൺസിൽ ബാറ്റ് ചെയ്യുമ്പോൾ, വലിയ സ്‌ക്രീനിൽ ഞാൻ അദ്ദേഹത്തെ കണ്ടു. ആ പ്രചോദനത്തോടെയാണ് പിന്നീട് ബാറ്റ് വീശിയത്. എനിക്ക് സാറിനെ ഇംപ്രസ് ചെയ്യണമായിരുന്നു'- മുഷീർ ഖാൻ പറഞ്ഞു. മുംബൈ ക്യാപ്റ്റൻ അജിൻക്യ രഹാനെയും സീനിയർതാരം ശ്രേയസ് അയ്യരും നൽകിയ പിന്തുണയും മികച്ച പ്രകടനം നടത്താൻ സഹായകരമായെന്ന് താരം പ്രതികരിച്ചു.
മുംബൈക്കായി 95 റൺസുമായി ശ്രേയസും 73 റൺസുമായി രഹാനെയും ഷംസ് മുവാനിയും (50) മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്‌സിൽ 418 റൺസാണ് ആതിഥേയർ കുറിച്ചത്. 537 റൺസിന്റെ വമ്പൻലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വിദർഭക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 32 റൺസെടുത്ത അഥർവ ടയ്‌ഡെയും 28 റൺസെടുത്ത ധ്രുവ് ഷോറെയുടേയും വിക്കറ്റാണ് നഷ്ടമായത്. അമാൻ മൊക്കാടെയും മലയാളി താരം കരുൺ നായരുമാണ് ക്രീസിൽ.