രഞ്ജിയിൽ ഡബിളടിച്ച് മുഷീർ; സർഫറാസിന് പിറകേ ഇന്ത്യൻ ടീം ലക്ഷ്യമിട്ട് സഹോദരനും
രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സർഫറാസ് ഖാൻ രണ്ട് ഇന്നിംഗ്സിലും അർധ സെഞ്ചുറി നേടി വരവറിയിച്ചിരുന്നു
മുംബൈ: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ സർഫറാസ് ഖാൻ മികച്ച പ്രകടനം നടത്തുമ്പോൾ രഞ്ജി ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി തിളങ്ങി സഹോദരൻ മുഷീർ ഖാനും. ബറോഡക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലാണ് പുറത്താവാതെ 203 റൺസെടുത്തത്. തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ചുറിയാണ് യുവതാരം നേടിയത്. മുഷീറിന്റെ മികവിൽ 384 റൺസ് എന്ന കൂറ്റൻ സ്‌കോറാണ് മുംബൈ പടുത്തുയർത്തിയത്. മറുപടി ബാറ്റിങിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിലാണ് ബറോഡ.
രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സർഫറാസ് ഖാൻ രണ്ട് ഇന്നിംഗ്സിലും അർധ സെഞ്ചുറി നേടി വരവറിയിക്കുകയായിരുന്നു. അടുത്തിടെ സമാപിച്ച അണ്ടർ 19 ലോകകപ്പിലും മുഷീർ ഖാൻ ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ട് സെഞ്ചുറിയടക്കം നേടി ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചു. ഇതോടെ ഇന്ത്യൻ ടീമിലേക്കുള്ള കാത്തിരിപ്പിലാണ് താരം. മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയപ്പോഴാണ് മുഷീർ സെഞ്ചുറിയുമായി തിളങ്ങിയത്. പൃഥ്വി ഷാ (33), ഭുപൻ ലാൽവാനി (19), അജിൻക്യാ രഹാനെ (3), ഷംസ് മുലാനി (6), സുര്യാൻഷ് ഷെഡ്ജെ (20) എന്നിവർക്കൊന്നും തിളങ്ങാൻ സാധിച്ചിരുന്നില്ല.
അതേസമയം, രഞ്ജിയിൽ ഇന്ത്യൻ സീനിയർ താരം അജിൻക്യ രഹാനെയുടെ മോശം പ്രകടനം തുടരുകയാണ്. ബറോഡയ്ക്കെതിരായ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ രഹാനെ മൂന്ന് റൺസെടുത്ത് പുറത്തായി. സീസണിലുടനീളം മോശം പ്രകടനമായിരുന്നു രഹാനെയുടേത്. അതിന്റെ തുടർച്ചയായിരുന്നു ഇന്നത്തേതും. ഇതുവരെ ഒമ്പത് ഇന്നിംഗ്സുകൾ കളിച്ച രഹാനെ 115 റൺസ് മാത്രമാണ് നേടിയത്.