'ഒഴിവാക്കുമെന്നറിഞ്ഞു, എന്നാൽ വിരമിച്ചേക്കാം': മുഷ്ഫിഖുർ റഹീം ടി20 അവസാനിപ്പിച്ചതിങ്ങനെ...

ഏകദിന- ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്രിക്കറ്റിന്റെ കുട്ടിഫോർമാറ്റിൽ നിന്ന് പടിയിറങ്ങുന്നതെന്നാണ് താരം വ്യക്തമാക്കുന്നത്.

Update: 2022-09-04 11:43 GMT
Editor : rishad | By : Web Desk
Advertising

ധാക്ക: ടി20യിൽ നിന്ന് മുഷ്ഫിഖുർ റഹീമിന്റെ പടിയിറക്കം ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിച്ചത്. ഏഷ്യാകപ്പിൽ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ബംഗ്ലാദേശ് ദുബൈയിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറുന്നത്. പിന്നാലെയായിരുന്നു ഫേസ്ബുക്കിലൂടെയുള്ള മുഷ്ഫിഖുർ റഹീമിന്റെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന- ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്രിക്കറ്റിന്റെ കുട്ടിഫോർമാറ്റിൽ നിന്ന് പടിയിറങ്ങുന്നതെന്നാണ് താരം വ്യക്തമാക്കുന്നത്.

ഏകദിന-ടെസ്റ്റ് ഫോർമാറ്റുകളിൽ തന്റെ രാജ്യത്തിനായി വിജയങ്ങൾ കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ താരം കളിക്കുന്നത് തുടരും. ഏഷ്യാകപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മുഷ്ഫിഖുർ റഹീം നേടിയത് വെറും അഞ്ച് റൺസ് മാത്രം. 4, 1 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ. മാത്രമല്ല ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ അതിനിർണായകമായ കുശാൽ മെൻഡിസിന്റെ ക്യാച്ച് വിട്ടുകളയുകയും ചെയ്തു ഈ മുപ്പത്തിയഞ്ചുകാരനായ വിക്കറ്റ് കീപ്പർ. അതോടെ താരത്തിനെതിരെ മുറവിളികൾ ശക്തമായിരുന്നു. ഏഷ്യാകപ്പിന് മുന്നെ ടി20 ക്രിക്കറ്റിൽ മുഷ്ഫിഖുർ തട്ടിമുട്ടിയാണ് പോകുന്നത്.

അതിനാൽ തന്നെ ബംഗ്ലാദേശിന്റെ ലോകകപ്പ് പ്ലാനുകളിൽ മുഷ്ഫിഖുർ ഉണ്ടായിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി ന്യൂസിലാൻഡാനും പാകിസ്താനും അടങ്ങിയ ടി20 പരമ്പര കളിക്കാനുണ്ട് ബംഗ്ലാദേശിന്. ടി20 പരമ്പരക്കും ലോകകപ്പിനും ഒരേ ടീമിനെയാണ് ബംഗ്ലാദേശ് പരീക്ഷിക്കുന്നത്. ഇതൊക്കെ മുഷ്ഫിഖുറിനെ വിരമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 2019 മുതൽ ടി20 ഫോർമാറ്റിൽ പതറുകയാണ് താരം. കഴിഞ്ഞ മൂന്ന് വർഷമായി താരം നേടിയത് രണ്ട് അർദ്ധ സെഞ്ച്വറികൾ മാത്രം. കഴിഞ്ഞ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനായി എട്ട് ഇന്നിങ്‌സുകളിൽ നിന്ന് താരം നേടിയത് 144 റൺസ്.

പിന്നാലെ പാക് ടി20 പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. തന്നെ മനപ്പൂർവം തഴഞ്ഞെന്ന് മുഷ്ഫിഖുർ പറഞ്ഞത് വിവാദമായിരുന്നു. പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇദ്ദേഹത്തെ വിളിപ്പിക്കുകയും ചെയ്തിരുന്നു.102 മത്സരങ്ങളിലാണ് ടി20യിൽ താരം ബംഗ്ലാദേശിനായി കളിച്ചത്. 19.5 ആണ് ബാറ്റിങ് ശരാശരി. 1500 റൺസാണ് കുട്ടിഫോർമാറ്റിൽ താരം നേടിയത്. അതേസമയം മുഷ്ഫിഖുർ കൂടി പടിയിറങ്ങുന്നതോടെ ബംഗ്ലാദേശിന് ഇരുത്തംവന്ന രണ്ട് പേരെയാണ് അടുത്തടുത്തായി നഷ്ടംവരുന്നത്. മുൻ ഓപ്പണർ തമീം ഇഖ്ബാലും അടുത്തിടെ ടി20യിൽ നിന്ന് വിരമിച്ചിരുന്നു. ജുലൈയിലാണ് തമീം കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News