കോൺവെക്കും പതിരണക്കും പിന്നാലെ ബംഗ്ലാ പേസർക്കും പരിക്ക്; ഐപിഎലിന് മുൻപ് ചെന്നൈക്ക് മുട്ടൻപണി
ഐപിഎല്ലില്‍ മികച്ച വിദേശ ബൗളറുടെ അഭാവമുള്ള ചെന്നൈ നിരയിലെ അവസാന പ്രതീക്ഷയായിരുന്നു മുസ്തഫിസുര്‍
ചെന്നൈ: ഐപിഎലിന് ദിവസങ്ങൾ ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് തുടരെ തിരിച്ചടികൾ. ഓപ്പണിങ് ബാറ്റ്സ്മാൻ ഡെവോണ്‍ കോണ്‍വെക്കും ശ്രീലങ്കൻ പേസർ മതീഷ പതിരാനക്കും പിന്നാലെ ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനും പരിക്കിന്റെ പിടിയിൽ. ഇന്ന് ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിച്ച മുസ്തഫിസുര്‍ പേശിവലിവ് കാരണം ബൗളിംഗ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി. ബൗൾ ചെയ്യുന്നതിനിടെ പരിക്കേറ്റതാരം എഴുന്നേൽക്കാൻ പോലുമാകാതെ നിലത്ത് വീഴുകയായിരുന്നു.
പിന്നീട് സ്ട്രെച്ചര്‍ കൊണ്ടുവന്നാണ് ബംഗ്ലാ പേസറെ ഗ്രൗണ്ടില്‍ നിന്ന് ചികിത്സക്കായി കൊണ്ടുപോയത്. രാജസ്ഥാൻ റോയൽസിൽ നിന്നാണ് കഴിഞ്ഞ താരലേലത്തിൽ 28 കാരനെ കൂടാരത്തിലെത്തിച്ചത്. ഐപിഎല്ലില്‍ മികച്ച വിദേശ ബൗളറുടെ അഭാവമുള്ള ചെന്നൈ നിരയിലെ അവസാന പ്രതീക്ഷയായിരുന്നു മുസ്തഫിസുര്‍. സ്ലോ ബോളുകളും കട്ടറുകളും എറിയാന്‍ കഴിയുന്ന ഇടംകൈയ്യൻ പേസർക്ക് ചെന്നൈ ചെപ്പോക്കിലെ സ്ലോ പിച്ചില്‍ തിളങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷ.
കഴിഞ്ഞ സീസണിൽ ഡെത്ത് ഓവറിൽ തിളങ്ങിയ മതീഷ പതിരാന നേരത്തെതന്നെ ഐപിഎലിന്റെ ആദ്യപാദ മത്സരങ്ങളിലുണ്ടാകില്ലെന്ന് വ്യക്തമായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ എംഎസ് ധോണിയുടേയും സംഘത്തിന്റേയും ആദ്യ മത്സരം വെള്ളിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായാണ്. നിലവിൽ ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, രാജ്യവര്‍ധന്‍ ഹങ്കരേക്കര്‍, സിമര്‍ജീത് സിംഗ്, മുകേഷ് ചൗധരി എന്നിവരാണ് ചെന്നൈ പേസ് നിരയിലുള്ളത്. പരിക്കിൽ നിന്ന് മോചിതനായി വേഗത്തിൽ മുസ്തഫിസുർ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അജിൻക്യ രഹാനെ, ഋതുരാജ് ഗെയിക്വാഡ്, സമീർ റിസ്വി, ഷെയിക് റഷീദ്, അജയ് മണ്ഡൽ, ഡാരൽ മിച്ചൽ, രചിൻ രവീന്ദ്ര, മൊയീൻ അലി തുടങ്ങി ബാറ്റിങിൽ വലിയൊരു നിരതന്നെയുണ്ടെങ്കിലും പേസ് ബൗളിങാണ് ഈ സീസണിൽ ടീം നേരിടുന്ന പ്രതിസന്ധി.