ഷാക്കിബിനെ മാറ്റി, ഒരു വർഷത്തേക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി നജ്മുൽ ഹുസൈന്‍ ഷാൻ്റോയെ നിയമിച്ചു
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി നജ്മുൽ ഹുസൈൻ ഷാൻ്റോയെ നിയമിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഒരുവര്‍ഷത്തേക്കാണ് നിയമനം. ഷാക്കിബ് അൽ ഹസനെ മാറ്റിയാണ് ഷാൻ്റോ എത്തുന്നത്. ഇടത് കണ്ണിൻ്റെ റെറ്റിനയിലെ പ്രശ്‌നം മൂലം കാഴ്ച വൈകല്യം ബാധിച്ച് ചികിത്സയിലാണ് ഷക്കീബ്.
താരത്തിന്റെ മടങ്ങിവരവ് നീളുന്നതോടെയാണ് പുതിയ നായകനെ പ്രഖ്യാപിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്. അടുത്തിടെ ന്യൂസീലന്‍ഡിനെതിരെ നടന്ന ഹോം, എവേ ടൂര്‍ണമെന്റില്‍ ഇരുപത്തഞ്ചുകാരനായ നജ്മുലായിരുന്നു ക്യാപ്റ്റന്‍.
മാര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരെ ആരംഭിക്കുന്ന പരമ്പരയോടെയാണ് ഷാന്റോ ടീമിന്റെ മുഴുവന്‍ സമയനായകനാകും. രണ്ട് ടെസ്റ്റുകളും മൂന്ന് വീതം ഏകദിനവും ടി20യും അടങ്ങുന്ന പരമ്പരക്കാണ് ലങ്ക, ബംഗ്ലാദേശിലേക്ക് എത്തുന്നത്.ബംഗ്ലാദേശിന് ഈ വര്‍ഷം 14 ടെസ്റ്റുകളും ഒന്‍പത് ഏകദിനങ്ങളും ഇരുപതോളം ടി20 മത്സരങ്ങളുമുണ്ട്. ടി20 ലോകകപ്പും ഈ വര്‍ഷമുണ്ട്
കഴിഞ്ഞ വർഷം എല്ലാ ഫോർമാറ്റുകളിലുമായി 42.30 ശരാശരിയിൽ 1,650 റൺസാണ് ഷാൻ്റോ നേടിയത്. അഞ്ച് സെഞ്വറികളും കണ്ടെത്തിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ ഒരു ബംഗ്ലദേശ് താരം നേടുന്ന ഏറ്റവും കൂടുതല്‍ സെഞ്ച്വറികളാണിത്.