141 പന്തിൽ 277; 50 ഓവറിൽ 506: പെരുംകളിയുമായി തമിഴ്‌നാട്, വൻ റെക്കോർഡുമായി ജഗദീശന്‍

വിജയ്ഹസാരെ ട്രോഫിയിൽ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിൽ ജഗദീഷൻ നേടിയത് 277 റൺസ്!

Update: 2022-11-21 11:12 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: വമ്പൻ റെക്കോർഡുമായി തമിഴ്‌നാടിന്റെ ഓപ്പണർ നാരായൺ ജഗദീശന്‍. ഏകദിന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉയർന്ന വ്യക്തിഗത സ്‌കോറാണ് ജഗദീശൻ സ്വന്തമാക്കിയത്. വിജയ്ഹസാരെ ട്രോഫിയിൽ അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തിൽ ജഗദീശൻ നേടിയത് 277 റൺസ്! 141 പന്തുകളിൽ 25 ഫോറും പതിനഞ്ച് സിക്‌സറുകളും അടക്കമായിരുന്നു ജഗദീശന്റെ മാസ്മരിക ഇന്നിങ്‌സ്.

മറ്റൊരു ഓപ്പണറായ സായ് സുദർശൻ 154 റൺസ് നേടി. ഇരുവരുടെയും ബലത്തിൽ 50 ഓവറിൽ തമിഴ്‌നാട് ചേർത്തത് 506 എന്ന പടുകൂറ്റൻ സ്‌കോർ. കൂറ്റൻ റൺമലക്ക് മുന്നിൽ അരുണാചല്‍പ്രദേശ് പേടിച്ചുവിറച്ചപ്പോൾ 71ന് എല്ലാവരും പുറത്തു. 28.4 ഓവറെ എറിയേണ്ടി വന്നുള്ളൂ. 435 റൺസിന്റെ കൂറ്റൻ ജയമാണ് തമിഴ്‌നാട് സ്വന്തം പേരിലാക്കിയത്. ഇതും റെക്കോര്‍ഡ് ആണ്. 

അതേസമയം അപാര ഫോമിലാണ് ജഗദീശന്‍. പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി അഞ്ച് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ജഗദീശൻ മാറി. 2014-15ൽ കുമാർ സംഗക്കാര, 2015-16ൽ അൽവിറോ പീറ്റേഴ്‌സൺ, 2020-21ൽ ദേവദത്ത് പടിക്കൽ എന്നിങ്ങനെ മൂന്ന് ബാറ്റർമാർ തുടർച്ചയായി നാല് സെഞ്ച്വറികൾ നേടിയിരുന്നു. അതേസമയം പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 500-ലധികം റൺസ് നേടുന്ന ആദ്യ ടീമായി തമിഴ് നാട് മാറി. ഈ വർഷം ആദ്യം നെതർലാൻഡിനെതിരെ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് നേടിയതാണ് ഇതിന് മുമ്പത്തെ ഉയർന്ന സ്‌കോർ. അത് അന്താരാഷ്ട്ര ക്രിക്കറ്റിലായിരുന്നു.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയാണ് ജഗദീശന്റെത്. 114 പന്തുകളില്‍ നിന്നായിരുന്നു നേട്ടം. കഴിഞ്ഞ വർഷം 'മാർഷ് ഏകദിന കപ്പിൽ' ക്വീൻസ്‌ലൻഡിനെതിരെ 114 പന്തിൽ നിന്ന് ആസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡും ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഉയര്‍ന്ന സ്ട്രേക്ക് റൈറ്റും ജഗദീശന്റെ  പേരിലായി. ജഗദീശനും ബി സായി സുദർശനും തമ്മിലുള്ള ഓപ്പണിങിലും റെക്കോര്‍ഡ് പിറന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യമായാണ് 400 റണ്‍സിന് മേലെ ഓപ്പണിങ് കൂട്ടുകെട്ട് വരുന്നത്. 416 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News