ദക്ഷിണാഫ്രിക്കക്ക് വീണ്ടും ഫൈനൽ കണ്ണീർ; വനിത ട്വന്റി 20 കിരീടം കിവികൾക്ക്
ദുബൈ: വനിത ട്വന്റി 20 ലോകകപ്പ് കിരീടത്തിൽ ന്യൂസിലാൻഡിന് കന്നി മുത്തം. തുടർച്ചയായ രണ്ടാം ഫൈനലിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘത്തെ 32 റൺസിന് തോൽപ്പിച്ചാണ് കിവികളുടെ കിരീടനേട്ടം. ന്യൂസിലാൻഡ് താരം അമേലിയ കെർ കലാശപ്പോരിലെയും സീരീസിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 158 റൺസ്. 32 റൺസെടുത്ത സൂസി ബേറ്റ്സ്, 43 റൺസെടുത്ത അമേലിയ കെർ, 38 റൺസ് നേടിയ ബ്രൂക്ക് ഹലിഡേ എന്നിവരാണ് കിവികൾക്കായി തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിങ്ങിയ ദക്ഷിണാഫ്രിക്ക സൂക്ഷിച്ചാണ് തുടങ്ങിയത്. ഏഴാം ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 50 പിന്നിട്ട ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തകർച്ച. മൂന്ന് വിക്കറ്റുകൾ വീതമെടുത്ത അമേലിയ കെർ, റോസ്മേരി മെയർ എന്നിവർ ചേർന്നാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്.
2023 വനിത ട്വന്റി 20 ലോകകപ്പിൽ ഫൈനൽ വരെ മുന്നേറിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഓസീസിന് മുന്നിൽ കിരീടം അടിയറവ് വെച്ചിരുന്നു.