വമ്പൻ തോൽവി: ന്യൂസിലാൻഡിന്റെ ഏകദിനത്തിലെ ഒന്നാം റാങ്ക് പോയി
റായ്പൂരിൽ നടന്ന ഏകദിനത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡ് തോറ്റത്
റായ്പൂർ: ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലെ തോൽവിയോടെ ഏകദിനത്തിൽ ന്യൂസിലാൻഡ് അലങ്കരിച്ചിരുന്ന ഒന്നാം സ്ഥാനം നഷ്ടമായി. ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് കയറി. റായ്പൂരിൽ നടന്ന ഏകദിനത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡ് തോറ്റത്. നിലവിലെ പോയിന്റ് പ്രകാരം ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഇന്ത്യ എന്നിങ്ങനെയാണ് ആദ്യ മൂന്നിലുള്ളത്.
അതേസമയം ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം നേടാം. 113 റേറ്റിങ് വീതമാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമിനുള്ളത്. 112 റേറ്റിങുമായി ആസ്‌ട്രേലിയയാണ് നാലാം സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്തുള്ള പാകിസ്താന് 106 ആണ് റേറ്റിങ് പോയിന്റ്. റായ്പൂർ ഏകദിനത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 108 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
34.3 ഓവറിൽ എല്ലാവരും കൂടാരം കയറി. മറുപടി ബാറ്റിങിൽ ഇന്ത്യ 20.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ന്യൂസിലാൻഡിനെ എറിഞ്ഞിട്ടത്. മറുപടി ബാറ്റിങിൽ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവരുടെ തകർപ്പൻ ബാറ്റിങ് ടീമിനെ എളുപ്പത്തിൽ ജയത്തിലെത്തിച്ചു.
രോഹിത് ശർമ്മ 51 റൺസാണ് നേടിയത്. ആദ്യ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിൽ 40 റൺസെടുത്ത് പിന്തുണ കൊടുത്തു. പതിനൊന്ന് റൺസെടുത്ത വിരാട് കോഹ്ലി എളുപ്പത്തിൽ മടങ്ങി. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്കോര്‍ നേടിയെങ്കിലും ന്യൂസിലാന്‍ഡ് വിജയത്തിന്റെ തൊട്ടടുത്ത് എത്തി വീഴുകയായിരുന്നു.