ടി20 ലോകകപ്പ്: 'കൊടുങ്കാറ്റായി ബോൾട്ട്', ലങ്കയെ 65 റൺസിന് തകർത്ത് ന്യൂസിലാന്റ്
ഗ്ലെൻ ഫിലിപ്പ് നേടിയ സ്വഞ്ച്വുറിയുടെ ബലത്തിലാണ് ന്യൂസിലാന്റ് മികച്ച സ്‌കോർ കണ്ടെത്തിയത്
ടി20 ലോകകപ്പിൽ ശ്രീലങ്കയെ 65 റൺസിന് തകർത്ത് ന്യൂസിലാന്റ്. 167 റൺസ് എന്ന സ്‌കോർ ഉയർത്തിയ ന്യൂസിലാന്റ് ലങ്കയെ 102 ന് എറിഞ്ഞൊതുക്കുകയായിരുന്നു. ട്രെൻഡ് ബോൾട്ടാണ് ലങ്കൻ നിരയുടെ നടുവൊടിച്ചത്. ഗ്ലെൻ ഫിലിപ്പ് നേടിയ സ്വഞ്ച്വുറിയുടെ ബലത്തിലാണ് ന്യൂസിലാന്റ് മികച്ച സ്‌കോർ കണ്ടെത്തിയത്.
കളി ജയിക്കാനുള്ള ഒരവസരവും നൽകാതെ ന്യൂസിലാന്റ് ബൗളിങ് നിര ലങ്കയെ വരിഞ്ഞു മുറുക്കുകയായിരുന്നു. ട്രൻഡ് ബോൾട്ട് കൊടുങ്കാറ്റായതോടെ 19.2 ഓവറിൽ ലങ്കൻ നിര ചാരമായി. 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ബോൾട്ട് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. ടീം പൂജ്യത്തിൽ നിൽക്കെ നിസ്സങ്ക പുറത്തായി. നാല് റൺസിന് മെൻഡിസും പൂജ്യം റൺസിൽ ദനഞ്ചയ ഡിസിൽവെയും അടക്കം രണ്ടക്കം കാണാതെ അഞ്ച് പേരാണ് കൂടാരം കയറിയത്. രജപക്‌സെ 34, ദാസൻ ഷനക 35 എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 34 റൺസ് നേടിയ ഭാനുക രാജപക്‌സ പുറത്താകുമ്പോൾ പത്തോവറിൽ ശ്രീലങ്ക 58/6 എന്ന നിലയിലായിരുന്നു. ബോൾട്ട് പിന്നീട് തന്റെ സ്‌പെൽ പൂർത്തിയാക്കുവാൻ തിരിച്ചെത്തിയപ്പോൾ ശ്രീലങ്കൻ നായകൻ ദസുൻ ഷനകയെയും(35) പുറത്താക്കി തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. ബോൾട്ടിന് പുറമെ മിച്ചൽ സാന്റനറും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റ് നേടിയപ്പോൾ ടിം സൗത്തിയും ലോക്കി ഫെർഗൂസണും ഓരോ വിക്കറ്റും നേടി.
ആക്രമിച്ചു കളിക്കാം എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ന്യൂസിലാന്റ് ആദ്യ ബാറ്റിങ് ആരംഭിച്ചത്. എന്നാൽ ടീം രണ്ട് റണ്ണിൽ നിൽക്കെ ഫിൻ അലെൻ വീണു. തൊട്ടടുത്തായി കോൺവെയും കളം വിട്ടു. ടീം 15 റൺസിൽ നിൽക്കെ വില്യംസണും പുറത്തായതോടെ ലങ്കൻ നിര ആത്മവിശ്വാസത്തിലായി. എന്നാൽ ഒരറ്റത്ത് ഫിലിപ്‌സ് നിലയുറപ്പിച്ചതോടെ ന്യൂസിലാന്റ് കുതിച്ചു. ഡാരിയൽ മിച്ചൽ ഫിലിപിസിനൊപ്പം ചേർന്നു. ടീം 99 ൽ നിൽക്കെ മിച്ചൽ 22 റൺസിന് പുറത്തായി. പക്ഷേ ഫിലിപ് രണ്ടും കൽപ്പിച്ചായിരുന്നു. കളം വിടുമ്പോൾ 104 റൺസായിരുന്നു ഫിലിപ്പിന്റെ സംഭാവന അതും 64 ബൗളിൽ
ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അഞ്ച് പോയന്റോടെ ന്യൂസിലാന്റ് ഒന്നാം സ്ഥാനത്താണ്.