ബോളെടുത്തവരെല്ലാം വെളിച്ചപ്പാട്; ഇന്ത്യക്കെതിരെ ന്യൂസിലൻഡ് 108 റൺസിന് ഓൾഔട്ട്
ബോൾ ചെയ്ത ഇന്ത്യൻ താരങ്ങളെല്ലാം വിക്കറ്റ് നേടി
11 ഓവറിൽ 15 റൺസിന് കിവികളുടെ അഞ്ച് വിക്കറ്റുകൾ വീണിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഫിൻ അലനെ പൂജ്യത്തിന് വീഴ്ത്തി ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് ആറാം ഓവറിൽ മുഹമ്മദ് സിറാജ് രണ്ട് റൺസ് മാത്രമെടുത്ത ഹെൻട്രി നിക്കോളോസിനെ വീഴ്ത്തി. ഏഴാം ഓവറിൽ ഡാരിൽ മിച്ചലിനെ തന്റെ തന്നെ പന്തിൽ ഷമി പിടികൂടി.
ഓപ്പണറായ ഡിവോൺ കോൺവോയെ പത്താം ഓവറിൽ തന്റെ തന്നെ പന്തിൽ ഹർദികും പിടികൂടി. അതിശയകരമായ ക്യാച്ചിലൂടെയാണ് കോൺവോയെ ഹർദിക് തിരിച്ചയച്ചത്. 10.3 ഓവറിൽ ക്യാപ്റ്റനും വിക്കറ്റ്കീപ്പറുമായ ടോം ലാതമിനെ ഷർദുൽ താക്കൂറിനെ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചതോടെ ന്യൂസിലൻഡ് മുൻനിരയുടെ പതനം പൂർണമായി. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരൻ മൈക്കൽ ബ്രാസ്വെല്ലിന്റെ സുപ്രധാന വിക്കറ്റും മികച്ച ഫോമിലുള്ള ഷമി 19ാം ഓവറിൽ വീഴ്ത്തി.
30 പന്തിൽ 22 റൺസ് നേടിയ താരത്തെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് ചെറിയ കൂട്ടുകെട്ട് പടുത്തുയർത്താൻ ഗ്ലെൻ ഫിലിപ്‌സും മിച്ചൽ സാൻറനറും ശ്രമിച്ചെങ്കിലും ഹർദിക് പാണ്ഡ്യയും വാഷിംഗ്ഡൺ സുന്ദറും ഇന്ത്യയുടെ രക്ഷക്കെത്തി. 36 റൺസ് നേടിയ ഫിലിപ്‌സിനെ സുന്ദർ സൂര്യകുമാറിന്റെ കൈകളിലെത്തിച്ചു. സാൻറനറെ ഹർദിക് ബൗൾഡാക്കി. ഒരു റൺ നേടിയ ലോക്കി ഫെർഗൂസനെയു സുന്ദർ വീഴ്ത്തി. സൂര്യകുമാറിനായിരുന്നു ക്യാച്ച്. ബ്ലയർ ടിക്‌നറെ കുൽദീപ് യാദവ് എൽ.ബി.ഡബ്ല്യൂവിൽ കുരുക്കി.
ബുധനാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്രാ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ 337 റൺസ് വരെയെത്തി കിവികൾ പരാജയം സമ്മതിക്കുകയായിരുന്നു.മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നൽകാൻ ഒരാളുമില്ലാതിരുന്നിട്ടും ഗിൽ തന്റെ വൺമാൻ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു.
ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോർഡുകളുമായി ഗിൽ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയിരുന്നു. 149 പന്തിൽ ഒൻപത് സിക്സറും 19 ബൌണ്ടറികളുമുൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ്.
ബൗളിംഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് കിവിപ്പടയെ ഒതുക്കുകയായിരുന്നു. 10 ഓവറിൽ 46 റൺസ് വിട്ടു നൽകി നാല് സുപ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്ത ഏകദിനം ജനുവരി 24ന് ഇന്ദോറിൽ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.
New Zealand were bowled out for 108 runs in the second ODI against India