'കോഹ്‌ലിയുമില്ല, ഗില്ലുമില്ല': ഈ ഐ.പി.എല്ലിലെ മികച്ച ബാറ്റർമാരുടെ പട്ടികയുമായി സെവാഗ്
ആരാധകരെ ആവേശത്തിലാഴ്ത്താൻ പോന്ന ചേരുവകളെല്ലാം ഞായറാഴ്ചത്തെ ഫൈനലിൽ ഉണ്ടാകുമെന്നുറപ്പാണ്
അഹമ്മദാബാദ്: ഞായറാഴ്ചയാണ് ഐ.പി.എൽ ഫൈനൽ. കരുത്തരായ ചെന്നൈ സൂപ്പർകിങ്‌സും ഈ സീസണിൽ മികവോടെ കളിക്കുന്ന ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് മത്സരം. ആരാധകരെ ആവേശത്തിലാഴ്ത്താൻ പോന്ന ചേരുവകളെല്ലാം ഞായറാഴ്ചത്തെ ഫൈനലിൽ ഉണ്ടാകുമെന്നുറപ്പാണ്. ഈ സീസണിലെ മികച്ച ബാറ്റർമാർ ആരൊക്കെയെന്ന് ചോദിച്ചാൽ അതിൽ എന്തായാലും ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലുമുണ്ടാകും.
എന്നാൽ വീരേന്ദർ സെവാഗിന്റെ ലിസ്റ്റിൽ ഗിൽ ഇല്ല എന്നതാണ് കൗതുകം. മികച്ച അഞ്ച് ബാറ്റർമാരെയാണ് സെവാഗ് തെരഞ്ഞൈടുത്തിരിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റർ റിങ്കുസിങ്, ചെന്നൈ സൂപ്പർകിങ്‌സ് ബാറ്റർ ശിവം ദുബെ, മുംബൈ ഇന്ത്യൻസ് സൂര്യകുമാർ യാദവ്, സൺറൈസേഴ്‌സ് ഹൈദരാബാദന്റെ ഹെൻറിച്ച് ക്ലാസൻ, രാജസ്ഥാൻ റോൽസിന്റെ യശ്വസി ജയ്‌സ്വാൾ എന്നിവരാണ്. ഇതിൽ ക്ലാസൻ ഒഴികെ ബാക്കിയുള്ളവരെല്ലാം ഇന്ത്യക്കാരാണ്. ഇതിൽ രണ്ട് പേർ ഇന്ത്യക്കായി കളിക്കാത്തവരും. യശ്വസി ജയ്‌സ്വാൾ, റിങ്കു സിങ് എന്നിവരാണ് അവര്‍.
''റിങ്കു സിംഗ് ആണ് എന്റെ മനസ്സിൽ വരുന്ന ആദ്യത്തെ ബാറ്റർ. അതിന് എന്താണ് കാരണമെന്ന് ചോദിക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം, തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തി ഒരു മത്സരത്തിൽ ഒരു ബാറ്റർ ടീമിനെ വിജയിപ്പിച്ചത് ഇതുവരെ സംഭവിച്ചിട്ടില്ല. റിങ്കു സിംഗ് മാത്രമാണ് അത് ചെയ്തത്. രണ്ടാമത്തെ ബാറ്റര്‍ മധ്യനിര താരം ശിവം ദുബെയാണ്. 33 സിക്‌സറുകൾ അടിച്ചു, അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 160-ന് മുകളിലാണ്. കഴിഞ്ഞ കുറച്ച് സീസണുകൾ പ്രത്യേകിച്ചൊന്നും അല്ലായിരുന്നു ദുബെ, എന്നാൽ ഈ വർഷം വന്ന് സിക്‌സറുകൾ അടിക്കണം എന്ന വ്യക്തമായ മനസ്സോടെയാണ് അദ്ദേഹം വന്നത്''- സെവാഗ് പറഞ്ഞു.
''മൂന്നാമൻ ഒരു മികച്ച ഓപ്പണറാണ്. അവന്റെ മിന്നുന്ന ബാറ്റിങ്ങാണ് അവനെ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്, മറ്റാരുമല്ല യശസ്വി ജയ്‌സ്വാൾ. പിന്നെയാണ് സൂര്യകുമാര്‍ യാദവ്. തുടക്കത്തില്‍ ഫോമിലല്ലായിരുന്നിട്ടും ഞാൻ സൂര്യകുമാർ യാദവിനെ തെരഞ്ഞെടുക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അടുത്തിടെ അദ്ദേഹം പൂജ്യനായിരുന്നു. ഐപിഎല്ലിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും പിന്നീട് അദ്ദേഹം മികച്ച പ്രകടനം നടത്താൻ തുടങ്ങി''- സെവാഗ് പറഞ്ഞു.