'കേട്ടതൊന്നുമല്ല, സച്ചിന്റെയും ദ്രാവിഡിന്റെയും പേരിൽ നിന്നല്ല മകന് പേരിട്ടത്': വ്യക്തത വരുത്തി രചിന്റെ പിതാവ്
രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ തെൻഡുക്കൽറിന്റെയും കടുത്ത ആരാധകരായ മാതാപിതാക്കൾ ഇഷ്ട താരങ്ങളുടെ പേരുകൾ കൂട്ടിയിണക്കി മകനിട്ട പേരാണു രചിൻ എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്.
മുംബൈ: ന്യൂസിലാന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്ര ഇതിനോടകം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തനാണ്. പേരുതന്നെയാണ് പ്രധാന കാരണം. രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ തെൻഡുക്കൽറിന്റെയും കടുത്ത ആരാധകരായ മാതാപിതാക്കൾ ഇഷ്ട താരങ്ങളുടെ പേരുകൾ കൂട്ടിയിണക്കി മകനിട്ട പേരാണു രചിൻ എന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്.
ചില മാധ്യമങ്ങളില്‍ അങ്ങനെ വാര്‍ത്ത വരികയും ചെയ്തു. എന്നാല്‍ ഈ പേര് വരാനുള്ള കാരണം വ്യക്തമാക്കുകയാണ് രചിന്റെ പിതാവായ രവി കൃഷ്ണമൂര്‍ത്തി. ' മകന്‍ ജനിച്ചപ്പോള്‍ ഭാര്യയാണ് രചിന്‍ എന്ന പേരിട്ടാലോ എന്ന് പറഞ്ഞത്. നല്ല പേരാണെന്ന് ഞങ്ങള്‍ക്ക് തോന്നി. വിളിക്കാനും എളുപ്പമാണ്. അങ്ങനെ ആ പേര് മകനിട്ടു. പേരിടുമ്പോള്‍ സച്ചിനും ദ്രാവിഡുമൊന്നും മനസ്സിലില്ലായിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് രചിന്‍ എന്ന പേരിന് സച്ചിന്‍, ദ്രാവിഡ് എന്നിവരുടെ പേരുകളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്' , രവി കൃഷ്ണമൂര്‍ത്തി പറഞ്ഞു.
ബാംഗ്ലൂര്‍ സ്വദേശികളായ രവി കൃഷ്ണമൂര്‍ത്തിയുടെയും ദീപ കൃഷ്ണമൂര്‍ത്തിയുടെയും മകനായ രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലാണ് ജനിച്ചതും വളര്‍ന്നതും. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളിലൊരാളാണ് രച്ചിന്‍.
ഈ ലോകകപ്പിൽ റൺവേട്ടയിൽ ഇന്ത്യൻ താരം വിരാട് കോലിക്കും ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡികോക്കിനും പിന്നിൽ മൂന്നാമതുള്ള താരം. ഒൻപത് ഇന്നിങ്സുകളിൽനിന്ന് 565 റൺസുമായാണ് രചിൻ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. 70.62 ശരാശരിയിൽ മൂന്നു സെഞ്ചറിയും രണ്ട് അർധസെഞ്ചറിയും സഹിതമാണ് രചിൻ 565 റൺസെടുത്തത്. പുറത്താകാതെ നേടിയ 123 റൺസാണ് ഉയർന്ന സ്കോർ.