750 രൂപയുടെ ടിക്കറ്റിന് കരിഞ്ചന്തയിൽ 5000 രൂപ: ചെന്നൈയുടെ ഹോം മാച്ചുകൾക്ക് ടിക്കറ്റ് കിട്ടാനില്ല
ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തനാണ് ഇത്രയും തുക ചോദിക്കുന്നത്. ഇതിന് മുമ്പ് നടന്ന മത്സരത്തിലും കഥ വ്യത്യസ്തമല്ല.
ചെന്നൈ: ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർകിങ്‌സ്. ഹോം മത്സരമായാലും എവെ മത്സരമായാലും ചെന്നൈയുടെ കളി കാണാൻ സ്റ്റേഡിയും ഫുൾ ആകും. എന്നാൽ ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം ടിക്കറ്റ് കിട്ടാത്തത് അവരെ വേദനിപ്പിക്കുന്നു. ഹോം മത്സരങ്ങൾക്ക് ടിക്കറ്റ് കിട്ടാതെ വലയുകയാണ് ആരാധകർ.
ഓൺലൈനായും ഓഫ്‌ലൈനായും സമീപിച്ചാലും രക്ഷയില്ല. അതേസമയം കരിഞ്ചന്തയിൽ ടിക്കറ്റ് സുലഭമാണ് താനും. 750 രൂപയുള്ള ടിക്കറ്റിന് കരിഞ്ചന്തയിൽ ചോദിക്കുന്നത് 5000 രൂപ. ബുധനാഴ്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനാണ് ഇത്രയും തുക ചോദിക്കുന്നത്. ഇതിന് മുമ്പ് നടന്ന മത്സരത്തിലും കഥ വ്യത്യസ്തമല്ല. അതേസമയം ടിക്കറ്റുകൾ ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് ആരാധകർ. അവർ ടീമനെതിരെ രംഗത്ത് എത്തിക്കഴിഞ്ഞു. കോർപറേറ്റ് സ്‌പോൺസർമാർക്കായി മിക്ക ടിക്കറ്റുകളും റിസർവ് ചെയ്‌തെന്നും അതിനാലാണ് ടിക്കറ്റ് ലഭിക്കാത്തതെന്നുമാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്.
പരിമിതമായ കൗണ്ടർ വിൽപ്പനയ്ക്ക് പുറമെ നാല് സ്റ്റാൻഡുകളിലെ സീറ്റുകൾക്ക് മാത്രമാണ് ഓൺലൈൻ ബുക്കിങിലൂടെ ലഭിക്കൂ. ബാക്കിയുള്ളവ കോർപ്പറേറ്റുകൾ, സെലിബ്രിറ്റികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവര്‍ക്കായി നല്‍കിയെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. ചെപ്പോക്കിൽ രാത്രി മുഴുവൻ ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടാത്തവരുണ്ട്. സമൂഹമാധ്യമങ്ങളില്‍ അവര്‍ പരിഭവം പങ്കുവെക്കുന്നു. ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതിന് 13 പേരെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈ സൂപ്പർകിങ്‌സ്. അത്രയും കളിയും ജയവുമായി രാജസ്ഥാൻ റോയൽസ് രണ്ടാം സ്ഥാനത്തുണ്ട്. നെറ്റ് റൺറേറ്റാണ് രാജസ്ഥാന് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. നാല് കളികളിൽ നിന്ന് മൂന്ന് ജയവുമായി ലക്‌നൗ സൂപ്പർജയന്റ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്. ആറ് പോയിന്റാണ് ലക്‌നൗവിന്റെ അക്കൗണ്ടിലുള്ളത്. ജയിച്ച് മുന്നേറാനാണ് നാളെ ചെന്നൈ മടയിൽ സഞ്ജു ഇറങ്ങുന്നത്. മികച്ച ഫോമിലാണ് ഇരുടീമുകളും. ആവേശം കൊടുമുടികയറും എന്നുറപ്പ്.