ആർക്കും അർധശതകം ഇല്ല; എന്നിട്ടും പാകിസതാന് മികച്ച സ്‌കോറും ജയവും
ആദ്യംബാറ്റ് ചെയ്ത പാകിസ്താൻ 19.5 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങിൽ ന്യൂസിലാൻഡിന് നേടാനായത് 94 റൺസ്.
ലാഹോർ: ന്യൂസിലാൻഡിന്റെ പാകിസ്താൻ ടി20 പരമ്പരയിലെ ആദ്യമത്സരത്തിൽ പാകിസ്താന് ജയം. 88 റൺസിന്റെ ജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. ആദ്യംബാറ്റ് ചെയ്ത പാകിസ്താൻ 19.5 ഓവറിൽ 182 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങിൽ ന്യൂസിലാൻഡിന് നേടാനായത് 94 റൺസ്. 15.3 ഓവറിൽ എല്ലാവരും പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ന്യൂസിലാൻഡിനെ വൻ പരാജയത്തിലേക്ക് തള്ളിയിട്ടത്.
മികച്ച സ്‌കോർ നേടിയിട്ടും പാകിസ്താൻ നിരയിൽ ആർക്കും അർധ സെഞ്ച്വറി നേടാനായില്ല എന്നത് കൗതുകമായി. ഫഖർസമാൻ(47) സായിം അയ്യൂബ്(47) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്‌കോറർമാർ. ഇതിൽ സായിം അയ്യൂബാണ് ടി20 ശൈലിയിൽ ബാറ്റ് വീശിയത്. 28 പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും സഹിതമായിരുന്നു സായിം അയ്യൂബിന്റെ ഇന്നിങ്‌സ്. 16 റൺസ് എക്‌സ്ട്രായിലൂടെ നൽകി ന്യൂസിലാൻഡ് ബൗളർമാരും പാക് ടോട്ടലിലേക്ക് സംഭാവന നൽകി. പാക് നായകൻ ബാബർ അസമിനും അൽപായുസെയുണ്ടായിരുന്നുള്ളൂ.
രണ്ട് ബൗണ്ടറികൾ നേടിയെങ്കിലും വ്യക്തിഗത സ്‌കോർ ഒമ്പതിൽ നിൽക്കെ ആദംമിൽനെയുടെ പന്തിൽ അസം, ബൗൾഡായി. ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ മാറ്റ് ഹെൻറി ഹാട്രിക്കും സ്വന്തമാക്കി. ഒരു ഓവറിലായിരുന്നില്ല ഹെൻറിയുടെ ഹാട്രിക്ക് നേട്ടം. 12ാം ഓവറിലെ അവസാന രണ്ട് പന്തിലും 18ാം ഓവറിലെ ആദ്യ പന്തിലു വിക്കറ്റ് എടുത്തായിരുന്നു ഹെൻറിയുടെ ഹാട്രിക്ക്. 12ാം ഓവർ എറിഞ്ഞതിന് ശേഷം നാല് ഓവർ കഴിഞ്ഞാണ് ഹെൻറി തന്റെ അടുത്ത ഓവറിന് എത്തിയത്. ശദബ് ഖാൻ, ഇഫ്തികാർ അഹമ്മദ്, ഷഹീൻ അഫ്രീദി എന്നിവരാണ് എന്നിവരാണ് ഹെൻറിയുടെ ഇരകൾ.
മറുപടി ബാറ്റിങിൽ ന്യൂസിലാൻഡ് കളി മറക്കുകയായിരുന്നു. മാർക്ക് ചമ്പരാൻ 34 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ ഏഴ് പേർക്ക് രണ്ടക്കം കടക്കാനായില്ല. ഇതിൽ രണ്ട് പേരെ പൂജ്യത്തിനും പറഞ്ഞയച്ചു. ബാറ്റിങ് ട്രാക്കായിട്ടും ടീം സ്‌കോർ മൂന്നക്കം പോലും കടക്കാൻ പറ്റാത്തത് ന്യൂസിലാൻഡിനും നാണക്കേടായി. അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ലാഹാേറില്‍ ശനിയാഴ്ച നടക്കും.
Summary- Pakistan Won The First T20 Match Against NewZealand