'ടീമിന് വേണ്ടിയല്ല കളിക്കുന്നത്': ബാബർ അസമിനെ 'കൊട്ടി' പാക് മുൻതാരം
ഇന്ത്യയെപ്പോലെ പാകിസ്താൻ ഒരിക്കലും മറ്റുടീമുകൾക്ക് വെല്ലുവിളിയാകില്ലെന്നും കനേരിയ പറഞ്ഞു
ലാഹോർ: പാക് നായകൻ ബാബർ അസമിനെ 'കൊട്ടി' മുൻതാരം ദാനിഷ് കനേരിയ. ടീമിന് വേണ്ടിയല്ല സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണ് ബാബർ അസം കളിക്കുന്നതെന്ന് ദാനിഷ് കനേരിയ പറഞ്ഞു. ഇന്ത്യയെപ്പോലെ പാകിസ്താൻ ഒരിക്കലും മറ്റുടീമുകൾക്ക് വെല്ലുവിളിയാകുന്നില്ലെന്നും കനേരിയ പറഞ്ഞു.
നിങ്ങൾ ഇന്ത്യൻ ടീമിനെയൊന്ന് നോക്കൂ, കളി ജയിപ്പിക്കാൻ കെൽപ്പുള്ളവരാണ് അതിലുള്ളവർ. ഇനി പാകിസ്താൻ ടീമിലേക്ക് വന്നാൽ ബാബർ അസമിനെയാണ് എല്ലാഫോർമാറ്റിലും ആശ്രയിക്കുന്നത്. അദ്ദേഹമാണെങ്കിൽ സ്വയം നന്നാവാനാണ് കളിക്കുന്നത്. ബാബർ ഒരു 50-60 റൺസ് നേടുകയാണെങ്കിലും അത് പാക് ടീമിന് നേട്ടമാകുന്നില്ലെന്നും പലപ്പോഴും ടീം തോൽക്കുകയാണെന്നും കനേരിയ പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു കനേരിയയുടെ പ്രതികരണം.
ഷുഹൈബ് അക്തറിനെപ്പോലെ എല്ലായ്‌പ്പോഴും വിക്കറ്റ് വീഴ്ത്തുന്നൊരു ബൗളർ ഇപ്പോൾ പാകിസ്താൻ ടീമിലില്ല. സഈദ് അൻവറിനെപ്പോലെയോ ആമിർ സുഹൈലിനെപ്പോലെയോ പവർഫുൾ ഓപ്പണറും പാകിസ്താനില്ല. മധ്യനിരയിലും വാലറ്റത്തിലും മാതൃകയക്കാൻ പോന്നവരൊന്നും ഇപ്പോഴില്ലെന്നും കനേരിയ പറഞ്ഞു.
ടി20 ലോകകപ്പിന് ശേഷം നടന്ന പരമ്പരകളിലെല്ലാം പാകിസ്താൻ മൂക്കുംകുത്തി വീണതിന് പിന്നാലെയാണ് കനേരിയയുടെ അഭിപ്രായം. ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ടീമുകൾ പാകിസ്താനിലെത്തിയെങ്കിലും ഒന്നിലും നേട്ടമുണ്ടാക്കാൻ ബാബർ അസമിന്റെ സംഘത്തിനായിരുന്നില്ല. പിന്നാലെ ബാബറിനെതിരെ രൂക്ഷവിർശം ഉയർന്നിരുന്നു. അതിനിടെ ബാബർ അസം ഹണിട്രാപ്പിൽ വീണതായുള്ള വാർത്തകളും സജീവമായി.
ഇതിനിടയിലൊക്കെയാണ് ബാബറിനെതിരെ മുൻതാരങ്ങൾ തന്നെ രംഗത്ത് എത്തുന്നത്. അതിനിടെ എല്ലാ പരമ്പരയിലും തോൽക്കുന്നതിനിടെ ഷാഹിദ് അഫ്രീദിയെ മാറ്റി പാകിസ്താൻ ചീഫ് സെലക്ടറായി മുൻതാരം ഹാറൂൺ റഷീദിനെ നിയമിച്ചു. ഇടക്കാല ചെയർമാനായിട്ടായിരുന്നു അഫ്രീദിയുടെ നിയമനം. മുമ്പും ചീഫ് സെലക്റ്ററായിട്ടുണ്ട് 69കാരനായ ഹാറൂണ്‍. 2015, 2016 വര്‍ഷങ്ങളിലായിരുന്നു ഇത്. മാത്രമല്ല, പാക് ടീമിന്റെ മാനേജറായിട്ടും ഡയറക്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977 മുതല്‍ 1983 വരെ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഹാറൂണ്‍.