'ഐപിഎല്ലിൽ ഓറഞ്ചും നീലയും കലർന്ന തൊപ്പി': സത്യമിതാണ്...
പുതിയ ടീമുകളുടെ അരങ്ങേറ്റമെല്ലാം ഇതിനകം നടന്നുകഴിഞ്ഞു. ഓരോ ഐപിഎൽ മത്സരങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.
പത്ത് ടീമുകളുമായി പതിനഞ്ചാം സീസൺ ഐ.പി.എൽ പൊടിപൊടിക്കുകയാണ്. പുതിയ ടീമുകളുടെ അരങ്ങേറ്റമെല്ലാം ഇതിനകം നടന്നുകഴിഞ്ഞു. ഓരോ ഐപിഎൽ മത്സരങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. അതിനിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടൊരു വാർത്തയാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് വേണ്ടി ബി.സി.സി.ഐ മൂന്നാമതൊരു തൊപ്പി കൂടി അവതരിപ്പിച്ചു എന്ന്.
നിലവിൽ ഓറഞ്ച്, പർപ്പിൾ ക്യാപ്പുകളാണ് മികച്ച ബാറ്റർക്കും ബൗളർക്കും ബി.സി.സി.ഐ അനുവദിക്കുന്നത്. ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തുന്നവർക്കും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്നവർക്കുമാണ് ഇവ നൽകാറുള്ളത്. എന്നാൽ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഓറഞ്ചും നീലയും കലർന്ന 'മിക്‌സഡ് ക്യാപ്പ്' പതിനഞ്ചാം സീസണിൽ നൽകുന്നുവെന്നാണ് പോസ്റ്റ്. ഐപിഎല്ലിലെ മികച്ച ഓൾറൗണ്ടർക്കാണ് ഈ തൊപ്പിയെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഏതാനും പേർ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ തീർത്തും സത്യവിരുദ്ധമായ കാര്യമാണിത്. മൂന്നാമതൊരു തൊപ്പി നൽകാൻ ബി.സി.സി.ഐയോ ഐപിഎല്ലോ തീരുമാനിച്ചിട്ടില്ല. ഐപിഎൽ ചരിത്രത്തലാദ്യമായി ഓറഞ്ച് ക്യാപ്പിനും പർപ്പിൾ ക്യാപ്പിനും ഇപ്രാവശ്യം സ്‌പോൺസർഷിപ്പ് ലഭിച്ചുകഴിഞ്ഞിരുന്നു. ഇതാണ് ഈ രണ്ട് ക്യാപ്പുമായി ബന്ധപ്പെട്ട ഈ സീസണിലെ വാർത്ത. അല്ലാതെ മികച്ച ഓൾറൗണ്ടർക്ക് പുരസ്‌കാരം കൊടുക്കാൻ ബി.സി.സി.ഐ തീരുമാനിച്ചിട്ടില്ല. അതേസമയം സ്‌പോൺസർഷിപ്പുകളിലൂടെ മാത്രം ഐപിഎൽ ആയിരം കോടി സ്വന്തമാക്കുകയും ചെയ്തിരുന്നു. ടാറ്റ ഗ്രൂപ്പാണ് ഇക്കുറി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്‌പോൺസർ.
സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചത് തെറ്റിദ്ധരിച്ചാവാം 'മിക്‌സഡ് ക്യാപ്പ്' പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്. അതേസമയം ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്ക് പകരക്കാരായാണ് ടൈറ്റില്‍ സ്പോണ്‍സറിലേക്ക് ടാറ്റ എത്തിയത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗിയും റുപെയും സ്‌പോൺസർഷിപ്പിലെത്തിയിരുന്നു. 44 കോടി രൂപ സ്വിഗിയും 42 കോടി രൂപ റൂപെയും ഓരോ വർഷവും ബിസിസിഐക്ക് നൽകാനാണ് കരാർ.