'തന്ത്രമോ അതോ കിട്ടിപ്പോയതോ'; ബാബർ അസമിന്റെ ഷോട്ടിൽ രണ്ടഭിപ്രായം

പാകിസ്താന് ഇപ്പോൾ തന്നെ 397 റൺസ് ലീഡായി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പാകിസ്താൻ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Update: 2023-07-27 03:25 GMT
Editor : rishad | By : Web Desk
Advertising

കൊളംബോ: പാകിസ്താനും ശ്രീലങ്കയും തമ്മിലെ രണ്ടാം ടെസ്റ്റ് ആവേശകരമായി മുന്നേറുകയാണ്. ഒന്നാം ഇന്നിങിസിൽ ശ്രീലങ്കയെ 166 റൺസിന് പുറത്താക്കിയ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 563 റൺസെന്ന സുരക്ഷിത തീരത്താണ്. പാകിസ്താന് ഇപ്പോൾ തന്നെ 397 റൺസ് ലീഡായി. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പാകിസ്താൻ ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

രണ്ട് ദിനവും അഞ്ച് വിക്കറ്റും പാകിസ്താന്റെ കയ്യിലുണ്ട്. അതേസമയം മത്സരത്തിൽ പാക് നായകൻ ബാബർ അസമിന്റെ ഒരു ഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അസിത ഫെർണാണ്ടോയാണ് ബൗളർ. പതിവ് രീതിയിൽ ഓഫ്‌സൈഡ് ലക്ഷ്യമാക്കിയായിരുന്നു പന്ത് വന്നത്. പന്തിനെ ലക്ഷ്യമിട്ട് ബാബർ ബാറ്റ് ഉയർത്തി. പിന്നീടാണ് ട്വിസ്റ്റ്, ഉയർത്തിയ ബാറ്റ് 'വലിക്കുന്നതിനിടെ' പന്ത് ബൗണ്ടറിയിലേക്ക് പോയി. ഫസ്റ്റ് സ്ലിപ്പിനും ഗലിയിലൂടെയും പന്ത് ബൗണ്ടറി വര തൊടുകയായിരുന്നു.

ബാബറിന്റെ പുതിയ ഷോട്ടാണിതെന്നാണ് ഒരു കൂട്ടർ പറയുന്നത്. ഇത്തരം ഷോട്ടുകൾ താരം പരിശീലിക്കുന്നതിന്റെ വീഡിയോയും ഇവര്‍ പങ്കുവെക്കുന്നുണ്ട്. എഡ്ജിൽ ക്യാച്ച് ഭയന്ന് ബാബർ ബാറ്റ് വലിച്ചതാണെന്നും അതിനിടെ പന്ത് ബാറ്റിൽ കൊള്ളുകയാണെന്നുമാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഏതായാലും 39 റൺസിന്റെ ആയുസെ ബാബറിനുണ്ടായിരുന്നുള്ളൂ. 75 പന്തുകളിൽ നിന്ന് നാല് ഫോറും ഒരു സിക്‌സറും പായിച്ചായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പ്രഭാത് ജയസൂര്യയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് ബാബര്‍ മടങ്ങിയത്. നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ അബ്രറാർ അഹമ്മദിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നസിം ഷായുടെയും ബലത്തിലാണ് ശ്രീലങ്കയെ പാകിസ്താൻ 166 റൺസിന് പുറത്താക്കിയത്. എന്നാൽ ഒന്നാം ഇന്നിങ്‌സിൽ അതിമനോഹര രീതിയിൽ ബാറ്റ് ഏന്തിയ പാകിസ്താൻ കൂറ്റൻ ലീഡ് നേടുകയായിരുന്നു.

Watch Videos

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News