പാകിസ്താൻ കോച്ചുമാരായി: ഏകദിനത്തിലും ട്വന്റി 20യിലും ഗാരി കേഴ്സ്റ്റൺ, ടെസ്റ്റിൽ ജേസൺ ഗില്ലസ്പി
പുതിയ പരിശീലകരെ പ്രഖ്യാപിച്ച് പാകിസ്താൻ. ഏകദിനത്തിലും ട്വന്റി 20യിലും ഗാരി കേഴ്സ്റ്റണും ടെസ്റ്റിൽ ജേസൺ ഗില്ലസ്പിയുമാണ് പാക് ടീമിന്റെ പരിശീലകരാകുക. 2008 മുതൽ 2011 വരെ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന കേഴ്സ്റ്റൺ ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കായി 101 ടെസ്റ്റിലും 185 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ടീം, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചുണ്ട്.
ആസ്ട്രേലിയയുടെ മുൻ പേസ് ബൗളറായ ജേസൺ ഗില്ലസ്പി ആസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലെ ദീർഘകാലത്തെ കോച്ചിങ് കരിയറിന് ശേഷമാണ് അന്താരാഷ്ട്ര പരിശീലകന്റെ വേഷമണിയുന്നത്. പാകിസ്താൻ പരിശീലകനാകുന്നതും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്നതും അംഗീകാരമായി കാണുന്നുവെന്ന് കേഴ് സ്റ്റൺ പ്രതികരിച്ചു. മെയിൽ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി 20 പരമ്പര മുതലാണ് കേഴ്സ്റ്റൺ പരിശീലക സ്ഥാനം ഏറ്റെടുക്കുക.
2023 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ മുഖ്യ പരിശീലകനായ ഗ്രാൻഡ് ബ്രാൻഡ്ബേൺ, ടീം ഡയറക്ടർ മിക്കി ആർതർ അടക്കമുളള പരിശീലക സംഘത്തെ പാകിസ്താൻ പിരിച്ചുവിട്ടിരുന്നു.