'ഇന്ത്യൻ ബൗളർമാരെപ്പോലെയല്ല പാകിസ്താൻ'; മത്സരത്തിന് മുമ്പ് മുന്നറിയിപ്പുമായി അക്തർ
മഴപ്പേടിയുണ്ടെങ്കിലും മത്സരം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പാകിസ്താന് നിർണായകമാകുക പാക് ബൗളർമാരാകുമെന്നാണ് അക്തർ പറയുന്നത്.
മെൽബൺ: ടി20 ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് പന്തെറിയാൻ നിമിഷങ്ങൾ മാത്രംബാക്കിനിൽക്കെ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി പാകിസ്താൻ മുൻ താരം ഷുഹൈബ് അക്തർ. മഴപ്പേടിയുണ്ടെങ്കിലും മത്സരം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പാകിസ്താന് നിർണായകമാകുക പാക് ബൗളർമാരാകുമെന്നാണ് അക്തർ പറയുന്നത്.
''സെമിഫൈനലിനെ അപേക്ഷിച്ച് ഇംഗ്ലണ്ട് ഇപ്പോള്‍ മികച്ച ആത്മവിശ്വാസത്തിലാണ്. എന്നിരുന്നാലും ഇംഗ്ലണ്ടിന് അറിയാം, ഇന്ത്യയെപ്പോലെയല്ല പാകിസ്താന്‍ ബൗളർമാരെന്ന്. വിജയിക്കാൻ അവർ കഠിനാധ്വാനം ചെയ്യേണ്ടിവരും, എളുപ്പമാകില്ല, കാര്യങ്ങള്‍''- അക്തര്‍ പറഞ്ഞു. യൂട്യൂബില്‍ പോസ്റ്റ ചെയ്ത വീഡിയോയിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്. ''ബാബറിനെയും റിസ്‌വാനെയും ഒരുപാട് ആശ്രയിക്കുന്നുണ്ട്. ന്യൂസിലൻഡിനെതിരായ അവരുടെ സ്‌ട്രൈക്ക് റേറ്റ് വളരെ പ്രധാനമായിരുന്നു. മെൽബണിലെ വിക്കറ്റ് അവർക്ക് സമാനമായ സ്‌ട്രൈക്ക് റേറ്റ് നിലനിർത്താൻ സാധിക്കും''- അക്തര്‍ കൂട്ടിച്ചേര്‍ത്തു.
സെമിയിൽ ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ ഫോമിലായിരുന്നു ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബട്ലറും അലക്‌സ് ഹെയ്‌ൽസും. അവരുടെ അപരാജിത ഇന്നിങ്സാണ് ഇംഗ്ലണ്ടിന് ജയം എളുപ്പമാക്കിയത്. ഫൈനലിലും ആ മുന്നേറ്റം ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. രണ്ടാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. നിലവില്‍ രണ്ട് കിരീടങ്ങളുള്ളത് വെസ്റ്റ്ഇന്‍ഡീസിന് മാത്രമാണ്. ഇന്ന് ജയിക്കുന്നവര്‍ വിന്‍ഡീസിനൊപ്പം ഈ ക്ലബ്ബിൽ അംഗമാകും.
അതേസമയം മെൽബണിൽ ഞായറാഴ്ച മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ റിപ്പോർട്ട്. റിസർവ് ദിനമായ തിങ്കളാഴ്ചയും ഇതേ സാധ്യത. എന്നാല്‍ മെല്‍ബണില്‍ നിന്ന് ഞായറാഴ്ച രാവിലെ വരുന്ന വാര്‍ത്തകള്‍ നല്‍കുന്നത് മത്സരം നടക്കുമെന്നാണ്. കാര്‍മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യുന്നില്ല. ഇനി മഴ പെയ്ത് രണ്ടു ദിവസവും കളി നടന്നില്ലെങ്കിൽ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. സൂപ്പർ 12-ൽ മെൽബണിലെ മൂന്ന് മത്സരങ്ങൾ മഴമുടക്കിയിരുന്നു.