കിവീസിനെ തകർത്ത് പാകിസ്താൻ... ഇനി സ്വപ്‌ന ഫൈനലോ ?
ബാബർ 53 റൺസെടുത്തപ്പോൾ റിസ്‌വാൻ 57 റൺസെടുത്തു
സിഡ്‌നി: ടി20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ന്യൂസിലാന്റിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ. 7 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസമിന്റെയും റിസ്‌വാന്റെയും പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. ബാബർ 53 റൺസെടുത്തപ്പോൾ റിസ്‌വാൻ 57 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് ഹാരിസ് പുറത്തെടുത്ത വെടിക്കെട്ടാണ് പാകിസ്താന് വിജയം അനായാസമാക്കിയത്.
ന്യൂസിലാന്റിനായി ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്താൻ ഫൈനലിൽ നേരിടും.
അതേസമയം, ആദ്യം ബാറ്റുചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് എടുത്തത്. വൻ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ന്യൂസിലന്റിനെ ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയിൻ വില്യംസണും ചേർന്ന് കരകയറ്റുകയായിരുന്നു. മിച്ചൽ 35 പന്തിൽ 53 റൺസെടുത്ത് പുറത്താവാതെ നിന്നു. വില്യംസൺ 46 റൺസെടുത്തു.
നേരത്തേ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 50 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ന്യൂസിലൻറ് കൂട്ടത്തകർച്ചയിലേക്ക് എന്ന് തോന്നിച്ചിരുന്നു. ഒന്നാം ഓവറിൽ തന്നെ ഫിൻ അലനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഷഹീൻ അഫ്രീദിയാണ് ന്യൂസിലന്റിന് ആദ്യ പ്രഹരമേൽപ്പിച്ചത്.
ആറാം ഓവറിൽ 21 റൺസെടുത്ത ഡെവോൺ കോൺവേയെ ഷദാബ് ഖാൻ റണ്ണൗട്ടാക്കി. എട്ടാം ഓവറിൽ ആറ് റണ്ണെടുത്ത ഗ്ലേൻ ഫിലിപ്സിനെ നവാസാണ് കൂടാരം കയറ്റിയത്. പിന്നീടാണ് വില്യംസണും മിച്ചലും ചേർന്ന് രക്ഷാ പ്രവർത്തനം ഏറ്റെടുത്തത്. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.