'സ്വകാര്യ കമ്പനിയിലാണെങ്കിൽ എന്നോ പിരിച്ചുവിട്ടേനെ, ബിസിസിഐക്ക് എന്തൊരു സ്‌നേഹം'; കെ.എൽ രാഹുലിനെതിരെ രൂക്ഷവിമർശനം
'ഫോം തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നതും രാജ്യത്തിനായി ടെസ്റ്റ് കളിക്കുന്നതുമാണ് മികച്ച മറുപടി. പക്ഷേ അതിനായി ഐ.പി.എൽ ഒഴിവാക്കാൻ സാധിക്കുമോ?' വെങ്കിടേഷ് പ്രസാദ് ട്വിറ്ററിൽ
ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലടക്കം മോശം ഫോം തുടരുന്ന ഇന്ത്യൻ ബാറ്റർ കെ.എൽ രാഹുലിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ആസ്‌ത്രേലിയ മുമ്പിൽ വെച്ച 115 റൺസ് ലീഡ് മറികടക്കാൻ ടീം ഇന്ത്യ ഇറങ്ങിയപ്പോൾ കെ.എൽ രാഹുലിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. മൂന്നു പന്ത് നേരിട്ട താരം ഒരു റൺ മാത്രമാണ് നേടിയത്. നഥാൻ ലിയോണിന്റെ പന്തിൽ അലക്സ് കാരിയ്ക്ക് ക്യാച്ച് നൽകിയാണ് രാഹുൽ പുറത്തായത്. നേരത്തെ രാഹുലിനെതിരെ ഉയരുന്ന വിമർശനങ്ങൾ ഇതോടെ ശക്തമായിരിക്കുകയാണ്.
മുമ്പ് തന്നെ താരത്തെ വിമർശിച്ച മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദടക്കമുള്ളവർ വീണ്ടും രംഗത്ത് വന്നു. 'പൂജാര ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ചെയ്തത് പോലെ രാഹുൽ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ കളിച്ച് മികവ് തിരിച്ചുപിടിക്കണം, ഫോം തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യുന്നതും രാജ്യത്തിനായി ടെസ്റ്റ് കളിക്കുന്നതുമാണ് മികച്ച മറുപടി. പക്ഷേ അതിനായി ഐ.പി.എൽ ഒഴിവാക്കാൻ സാധിക്കുമോ?' വെങ്കിടേഷ് ട്വിറ്ററിൽ ചോദിച്ചു.
ചില ആളുകൾ ചിന്തിക്കുന്നത് പോലെ രാഹുലിനോട് തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും നേരെ മറിച്ച് താൻ അദ്ദേഹത്തിന് ആശംസകൾ നേരുകയാണെന്നും പ്രസാദ് പറഞ്ഞു. ഈ ഫോമിൽ കളിക്കുന്നത് രാഹുലിന് ഒരിക്കലും ആത്മ വിശ്വാസം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം താരങ്ങളുണ്ടായിട്ടും കെ.എൽ രാഹുലിനെ ബിസിസിഐ രാജ്യത്തെ രണ്ടാമത്തെ പ്രധാന ടെസ്റ്റ് ഓപ്പണറായി കരുതുന്നുവെന്ന് വെങ്കിടേഷ് പ്രസാദ് മുമ്പ് വിമർശിച്ചിരുന്നു. ടെസ്റ്റിലെ രാഹുലിന്റെ പ്രകടനം സംബന്ധിച്ച കണക്കുകൾ സഹിതമായിരുന്നു വിമർശനം.
'കെ.എൽ രാഹുലിന് വൻ ആദരവ്. ഇദ്ദേഹം ഏതെങ്കിലും സ്വകാര്യ കമ്പനിയിലായിരുന്നുവെങ്കിൽ എന്നോ പിരിച്ചുവിട്ടേനെ. പക്ഷേ ബിസിസിഐക്ക് അദ്ദേഹത്തോട് എന്തൊരു സ്‌നേഹം. എന്തൊരു മാറാപ്പാണിയാൾ. രാജ്യത്തിന് മൊത്തം ഭാരം' ഒരാൾ ട്വിറ്ററിൽ കുറിച്ചു. ശുഭ്മാൻ ഗില്ലിനെയും രാഹുലിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള കുറിപ്പുകളും ട്വിറ്ററിൽ പ്രചരിച്ചു.
നിരവധി പരിഹാസ ട്രോളുകളും താരത്തിനെതിരെ പോസ്റ്റ് ചെയ്യപ്പെട്ടു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 17 റൺസാണ് രാഹുൽ നേടിയത്. ആദ്യ ടെസ്റ്റിൽ 20 റൺസായിരുന്നു അടിച്ചത്.
People are criticizing KL Rahul for his lack of form in cricket