'എട്ടുവർഷം അവർക്ക് വേണ്ടി കളിച്ചു, ഒന്നും പറയാതെ എന്നെ ഒഴിവാക്കി': ആർ.സി.ബി തഴഞ്ഞതിൽ ചാഹൽ
''എന്ത് വിലകൊടുത്തും ലേലത്തിൽ സ്വന്തമാക്കുമെന്ന് ആർ.സി.ബി എനിക്ക് വാക്കുതന്നു, എന്നിട്ടും എന്നെ എടുത്തില്ല''
ബംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ(ആർ.സി.ബി) നിന്ന് പുറത്തായതിൽ പ്രതികരണവുമായി മുൻ താരം യൂസ്‌വേന്ദ്ര ചാഹൽ. തന്നെ തഴഞ്ഞപ്പോൾ നിരാശ തോന്നിയെന്ന് ചാഹൽ പറഞ്ഞു. ഒരു യൂട്യൂബറുമായി സംസാരിക്കവെയാണ് ചാഹൽ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
''എന്റെ യാത്ര ആരംഭിച്ചത് ആർ.സി.ബിയോടൊപ്പമാണ്. എട്ട് വർഷമാണ് അവരോടൊപ്പം കഴിഞ്ഞത്. ആർ.സി.ബി എനിക്ക് അവസരം തന്നു. അതുകൊണ്ട് തന്നെ എനിക്ക് ഇന്ത്യൻ ജേഴ്‌സിയും ലഭിച്ചു- ചാഹൽ പറഞ്ഞു. ആദ്യ മത്സരം മുതൽ വിരാട് ഭയ്യ(വിരാട് കോഹ്ലി) എന്നിൽ വിശ്വാസം അർപ്പിച്ചു. എട്ട് വർഷമൊക്കെ ഒരു ടീമിന്റെ ഭാഗമായി മാറുമ്പോൾ അതൊരു കുടുംബമായി മാറും- ചാഹൽ കൂട്ടിച്ചേർത്തു.
''എന്റെ ആർ.സി.ബി പുറത്താകലുമായി ബന്ധപ്പെട്ട് ഒരുപാട് കിംവദന്തികളാണ് പ്രചരിച്ചത്. ഞാൻ കൂടുതൽ പൈസ ചോദിച്ചു എന്നൊക്കെ. എന്നാൽ ഒരുകാര്യം പറയട്ടെ അങ്ങനെയൊന്നുമില്ല, എനിക്കറിയാം എന്താണ് എനിക്ക് അവകാശപ്പെട്ടതെന്ന്- ചാഹൽ പറഞ്ഞു. എനിക്ക് ഏറ്റവും വിഷമം തോന്നിയത് ഒരു ഫോൺ കോളെങ്കിലും വന്നില്ല എന്നാണ്. 114 മാച്ചുകൾ ആർ.സി.ബിക്കായി കളിച്ചു. ലേലത്തിന് പോയപ്പോൾ എന്ത് വിലകൊടുത്തും സ്വന്തമാക്കുമെന്ന് അവർ എന്നോട് വാക്കുപറഞ്ഞു. എന്നിട്ടും എന്നെ എടുത്തില്ല, എനിക്ക് ദേഷ്യമാണ് വന്നത്''- ചാഹൽ പറഞ്ഞു.
''അടുത്ത സീസണിൽ ആർ.സി.ബിക്കെതിരെയുള്ള മത്സരത്തിൽ അവരുടെ പരിശീലകനോട് ഞാൻ സംസാരിച്ചില്ല. ഒരാളോടും സംസാരിച്ചില്ല- ചാഹൽ കൂട്ടിച്ചേർത്തു. ''രാജസ്ഥാൻ റോയൽസിൽ തന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടു. ഡെത്ത് ഓവറുകളിൽ ബൗൾ ചെയ്യാൻ തുടങ്ങി, എന്തൊക്കെ സംഭവിച്ചു അതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍''- ചാഹൽ പറഞ്ഞു. ആർ.സി.ബി കൈവിട്ടതിന് പിന്നാലെ 6.50 കോടിക്കാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ചാഹലിനെ ടീമിലെടുക്കുന്നത്.
ആ ലേലത്തിൽ ചാഹലിനായി മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും ശക്തമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ ചഹൽ രാജസ്ഥാനിൽ എത്തുകയായിരുന്നു. രാജസ്ഥാന്റെ വിശ്വസ്ത ബൗളറാണ് ചാഹൽ. കരിയറിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചാഹല്‍ ഉണ്ടായിരുന്നു.