"മൂന്നു റിമോട്ടുകളാണ് ഞാന്‍ അന്ന് എറിഞ്ഞു തകര്‍ത്തത്"; രാജസ്ഥാനെതിരായ ഡല്‍ഹിയുടെ തോല്‍വി ഏറെ നിരാശപ്പെടുത്തിയെന്ന് കോച്ച് പോണ്ടിങ്

അവസാന ഓവറിൽ ഒരു പന്ത് നോബോൾ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഡൽഹി ബാറ്റർമാരെ ക്യാപ്റ്റൻ ഋഷഭ് പന്ത് തിരിച്ചു വിളിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു

Update: 2022-04-28 02:58 GMT
Advertising

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹിയുടെ തോൽവി തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് കോച്ച് കോച്ച് റിക്കി പോണ്ടിങ്. ക്വാറന്‍റൈനില്‍ ആയിരുന്നതിനാൽ അന്ന്  പോണ്ടിങ് ടീമിനോപ്പമുണ്ടായിരുന്നില്ല. ഹോട്ടൽമുറിയിലിരുന്നാണ് റിക്കി കളി കണ്ടത്. അവസാന ഓവറിൽ ഒരു പന്ത് നോബോൾ അനുവദിക്കാതിരുന്നതിനെത്തുടർന്ന് ഡൽഹി ബാറ്റർമാരെ ക്യാപ്റ്റൻ ഋഷഭ് പന്ത് തിരിച്ചു വിളിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മത്സരത്തിന് ശേഷം പന്തിന് മത്സരത്തിന്‍റെ 100 ശതമാനം മാച്ച് ഫീ പിഴയടക്കേണ്ടി വന്നു..

"സമ്മർദത്തിന്‍റെ മുൾമുനയിലായിരുന്നു ഞാൻ അന്ന്. ഒടുക്കം ടീം തോൽവി വഴങ്ങി. ഇതെന്നെ വല്ലാതെ നിരാശപ്പെടുത്തി. ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന മൂന്നോ നാലോ റിമോട്ടുകൾ ഞാൻ അന്ന് എറിഞ്ഞു തകർത്തിട്ടുണ്ടാവും. ഒപ്പം കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു. പരിശീലകനായിരുന്നിട്ടും മൈതാനത്തെ കാര്യങ്ങൾ നിയന്ത്രിക്കാനാവാത്തത് എന്നെ നിരാശയിലാക്കി. ഓരോ ഓവറിലും എന്തൊക്കെ ചെയ്യണം എന്ന് വരെ ഞാൻ മെസ്സേജ് അയച്ച് പറയാണ്ടായിരുന്നു"- പോണ്ടിങ് പറഞ്ഞു.

രാജസ്ഥാനെതിരായ മത്സരത്തില്‍ ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസായിരുന്നു. വിൻഡീസ് താരം മക്കോയ് എറിഞ്ഞ ആദ്യ മൂന്ന് പന്തും നാട്ടുകാരൻ റോവൻ പവൽ ഗാലറിയിലെത്തിച്ചു. മൂന്നാം പന്ത് അനുവദനീയമായതിലും ഉയർന്നാണ് വന്നതെന്നും നോബോൾ വിളിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഡഗ്ഔട്ടിൽ നിന്നും ക്യാപ്ടൻ റിഷഭ് പന്തിന്‍റേയും കൂട്ടരുടെയും ഇടപെടലുണ്ടായി. ഇതാണ് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്. 

അമ്പയര്‍ നോബോൾ അനുവദിക്കാത്തതിനെ തുടർന്ന് ക്രീസിലുണ്ടായിരുന്ന റോവൻ പവലിനെയും കുൽദീപ് യാദവിനെയും റിഷഭ് പന്ത് തിരികെ വിളിച്ചു. ഇതിനിടെ ഡൽഹി ക്യാമ്പില്‍ എത്തി ജോസ് ബട്‍ലറുടെ രോഷപ്രകടനം. ഡൽഹി ഒഫീഷ്യലായ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറുമായി തർക്കിച്ചു. 

പക്ഷേ തീരുമാനം മാറ്റാൻ അമ്പയര്‍മാര്‍ തയ്യാറായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ പവല്‍ നാലാം പന്തിലും ഒരു കൂറ്റടനടിക്ക് ശ്രമിച്ചു. പക്ഷേ പവലിന്‍റെ പോരാട്ടം സഞ്ജുവിന്‍റെ കയ്യില്‍ അവസാനിച്ചു. രാജസ്ഥാന്‍ റോയല്‍സിന് 15 റണ്‍സിന്‍റെ വിജയം.

summary : I think I broke three or four remote controls': Ponting recalls watching 'frustrating' DC vs RR match in quarantine

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News