പൊരുതിത്തോറ്റ് രാജസ്ഥാൻ; റോയലായി പഞ്ചാബിന് രണ്ടാം ജയം

ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി കൂറ്റനടികളോടെ മുന്നോട്ടുനീങ്ങിയെങ്കിലും ഫലമുണ്ടായില്ല.

Update: 2023-04-05 19:08 GMT
Advertising

ഗുവാഹത്തി: ആദ്യ മത്സര ജയത്തിന്റെ ആത്മവിശ്വാസത്തിൽ പഞ്ചാബിനെതിരെ പോരിനിറങ്ങിയ സഞ്ജുവിനും കൂട്ടർക്കും നിരാശ. ധവാന്റെ ചുമലിലേറി പഞ്ചാബ് ഉയർത്തിയ 198 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് അഞ്ച് റൺസ് അകലെ കാലിടറുകയായിരുന്നു.

രാജസ്ഥാൻ നിരയിൽ ക്യാപ്റ്റൻ സഞ്ജുവും ഷിംറോൺ ഹെറ്റ്മീറും ധ്രുവ് ജുറെലും മാത്രമാണ് തിളങ്ങിയത്. ഓപണറായ ആർ അശ്വിൻ തുടക്കം തന്നെ നിരാശപ്പെടുത്തി. പുറത്താവുമ്പോൾ നാല് പന്ത് നേരിട്ട അശ്വിന് ഒരു റൺസ് പോലും സംഭാവന ചെയ്യാൻ സാധിച്ചില്ല. പിന്നീടെത്തിയ ജോസ് ബട്ട്‌ലർ 11 പന്തിൽ 19 റണ്ണെടുത്ത് നിൽക്കെ നഥാൻ എല്ലിസിന്റെ അടുത്ത പന്ത് അടിച്ചുപറത്താൻ ശ്രമിച്ചെങ്കിലും വിജയകരമായ റിട്ടേൺ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.

സഹ ഓപണറായ യശ്വസി ജയ്‌സ്വാൾ എട്ട് പന്തിൽ 11 റൺസെടുത്ത് പുറത്തായപ്പോൾ നാലാമനായെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി കൂറ്റനടികളോടെ മുന്നോട്ടുനീങ്ങി. ബൗണ്ടറികൾ ആവർത്തിച്ച കളിയിൽ ഒരവസരത്തിൽ വിജയം ആവർത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഫലമുണ്ടായില്ല. 25 പന്തിൽ 42 എടുത്ത് നിൽക്കെ നഥാൻ എല്ലിസിന്റെ പന്തിൽ മികച്ചൊരു ഷോട്ടിന് ശ്രമിച്ച നായകൻ മാത്യു ഷോർട്ടിന്റെ കൈയിൽ കുരുങ്ങി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും ടീമിനെ വിജയ തീരത്തേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും 26 പന്തിൽ 21 റൺസെടുത്ത് നിൽക്കെ നഥാൻ എല്ലിസിന്റെ തന്നെ പന്തിൽ ബൗൾഡായി പുറത്ത്.

പിന്നീട് റിയാൻ പരാഗ് 12 പന്തിൽ 20 റൺസെടുത്ത് പുറത്തായപ്പോൾ ഷിംറോൺ ഹെറ്റ്മീറും ധ്രുവ് ജുറെലുമാണ് വീണ്ടും രാജസ്ഥാനെ ആശ്വാസ തീരത്തേക്കെത്തിച്ചത്. എന്നാൽ സ്‌കോർബോർഡ് ഉയർത്തി നീങ്ങവെ റണ്ണിനായി ഓടുന്നതിനിടെ തിരികെ ക്രീസിൽ കയറാനാവാതെ പരുങ്ങിയതോടെ കൈയിൽകിട്ടിയ പന്ത് പിടിച്ച് ഷാരൂഖ് ഖാൻ കുറ്റിയിളക്കി. ഇതോടെ രാജസ്ഥാൻ വീണ്ടും നിരാശയിലേക്ക് വീണെങ്കിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജുറെൽ മുന്നോട്ടുനയിച്ചു. എന്നാൽ വിജയത്തിന്റെ അഞ്ച് റൺസകലെ ആ പോരാട്ടം അവസാനിച്ചു. പഞ്ചാബിന് അഞ്ച് റൺസ് ജയം.

പഞ്ചാബിനു വേണ്ടി 30 റൺസ് വഴങ്ങി നഥാൻ എല്ലിസ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ്ങിനാണ് രണ്ടെണ്ണം. 47 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. സാം കരൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹാർ, സിക്കന്ദർ റാസ എന്നിവർക്ക് വിക്കറ്റുകളൊന്നുമില്ല.

നേരത്തെ, ക്യാപ്റ്റൻ ശിഖർ ധവാന്റെ ചിറകിലേറിയാണ് പഞ്ചാബ് നിര 197 റൺസെന്ന കൂറ്റൻ സ്‌കോയുർത്തിയത്. 56 ബോൾ നേരിട്ട കപ്പിത്താൻ പുറത്താവാതെ 86 റൺസാണ് സ്‌കോർബോർഡിൽ ചേർത്തത്. സഹ ഓപണറായ പ്രഭ്സിമ്രൻ സിങ്ങും ഫിഫ്റ്റിയോടെ മികച്ച പ്രകടനം കാഴ്ച വച്ചു. 34 പന്തിൽ 60 റൺസെടുത്താണ് സിങ് പുറത്തായത്. ജിതേശ് ശർമ 16 പന്തിൽ 27 റൺസെടുത്തപ്പോൾ രണ്ട് പന്ത് നേരിട്ടെങ്കിലും ഒരു റൺസെടുക്കാനേ സിക്കന്ദർ റാസയ്ക്ക് സാധിച്ചുള്ളൂ. തുടർന്നെത്തിയ ഷാരൂഖ് ഖാൻ പത്ത് പന്തിൽ 11 റൺസെടുത്ത് മടങ്ങി.

ഹോൾഡറുടെ പന്തിൽ ബട്ട്ലറുടെ കൈയിലാണ് ഷാരൂഖും കുടുങ്ങിയത്. തുടർന്നെത്തിയ സാം കരന് പ്രകടനം പുറത്തെടുക്കാൻ പന്തുകൾ ലഭിച്ചില്ല. രണ്ട് പന്തുകൾ നേരിട്ട കരൺ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു. രാജസ്ഥാൻ നിരയിൽ ജേസൺ ഹോൾഡർ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവിചന്ദ്ര അശ്വിനാണ് ഒരു വിക്കറ്റ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News