'റൺസ് എത്രയും എടുത്തോളൂ, ഞങ്ങളത് ചേസ് ചെയ്യും': 'ചേസിങ് റെക്കോർഡ്' സ്വന്തമാക്കി പഞ്ചാബ്‌ കിങ്സ്

ഐപിഎലിൽ ഇത് നാലാം തവണയാണ് പഞ്ചാബ് കിങ്സ് 200നു മുകളിലുള്ള വിജയലക്ഷ്യം മറികടക്കുന്നത്.

Update: 2022-03-28 12:27 GMT
Editor : rishad | By : Web Desk
Advertising

ഐ.പി.എൽ ചരിത്രത്തിൽ 200നു മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കൂടുതൽ തവണ മറികടക്കുന്ന ടീമായി പഞ്ചാബ് കിങ്സ്. ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 206 റൺസിന്റെ വിജയലക്ഷ്യം മറികടന്നതോടെയാണ് ആ ചേസിങ് റെക്കോര്‍ഡ് പഞ്ചാബ് സ്വന്തം പേരിലാക്കിയത്. 

ഐപിഎലിൽ ഇത് നാലാം തവണയാണ് പഞ്ചാബ് കിങ്സ് 200നു മുകളിലുള്ള വിജയലക്ഷ്യം മറികടക്കുന്നത്. ഈ മത്സരത്തിനു മുൻപ് മൂന്നു തവണ വീതം 200+ വിജയലക്ഷ്യം മറികടന്ന് ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും ഒപ്പത്തിനൊപ്പമായിരുന്നു. കഴിഞ്ഞ മത്സരത്തോടെയാണ് പഞ്ചാബ് മുന്നിലെത്തിയത്. അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും രണ്ടു തവണ വീതം 200 റൺസിനു മുകളിലുള്ള വിജയലക്ഷ്യം മറികടന്നിട്ടുണ്ട്.  

കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബാഗ്ലൂരിനെ പഞ്ചാബ് തകർത്തത്. 43 റൺസ് വീതം നേടിയ ബനൂക്കാ രാജ്പക്‌സേയുടേയും ശിഖർ ധവാന്റേയും മികവിലാണ് പഞ്ചാബ് ബാഗ്ലൂർ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പഞ്ചാബ്  മറികടന്നത്. ഒരോവര്‍ ബാക്കി നില്‍ക്കെയാണ് പഞ്ചാബിന്‍റെ വിജയം. നാല് സിക്‌സറുകളുടെയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ വെറും 22 പന്തിൽ നിന്നാണ് രാജ്പക്‌സെ 43 റൺസെടുത്തത്.

അവസാന ഓവറുകളിൽ ഒഡെയാൻ സ്മിത്ത് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പഞ്ചാബിനെ വിജയതീരമണച്ചത്. ഒഡെയാൻ മൂന്ന് സിക്‌സുകളുടെയും ഒരു ഫോറിന്‍റേയും അകമ്പടിയിൽ 25 റൺസെടുത്തു. അവസാന ഓവറുകളിൽ ഒഡെയാന് ഷാറൂഖാൻ മികച്ച പിന്തുണയാണ് നൽകിയത്. രണ്ട് സിക്സറുകളുടേയും ഒരു ഫോറിന്‍റേയും അകമ്പടിയില്‍ ഷാറൂഖ് 24 റണ്‍സെടുത്തു. 13ാം ഓവറിൽ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് ബാഗ്ലൂരിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ പഞ്ചാബ് ബാറ്റര്‍മാര്‍ ആ പ്രതീക്ഷകളെ മുഴുവന്‍ തല്ലിക്കെടുത്തുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News