അശ്വിന് കോവിഡ്: ഇംഗ്ലണ്ടിലേക്ക് ഉടനില്ല, ടീമിലുണ്ടാകുമെന്ന് ബി.സി.സിഐ
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി അശ്വിന് ടീമിനൊപ്പം ചേരാന്‍ കഴിയുമെന്നും ബിസിസിഐ
മുംബൈ: ഇന്ത്യയുടെ സീനിയര്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് കോവിഡ് സ്ഥിരീകരിച്ചു. താരം ചികിത്സയില്‍ തുടരുകയാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി അശ്വിന് ടീമിനൊപ്പം ചേരാന്‍ കഴിയുമെന്നും ബിസിസിഐ വ്യത്തങ്ങള്‍ അറിയിച്ചു.
16നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം യാത്ര തിരിച്ചത്. യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമാവുന്ന പക്ഷം അശ്വിന്‍ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ നിര്‍ണ്ണായക താരമാണ് അശ്വിന്‍.
ഇംഗ്ലണ്ടിനെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കോവിഡ്മൂലം നീട്ടിവെച്ചിരുന്നു. ഈ മത്സരം ജൂലായ് ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. മറ്റ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇതിനോടകം ലണ്ടനിലെത്തിയിട്ടുണ്ട്. ടെസ്റ്റില്‍ അശ്വിന് കളിക്കാനാകുമെന്നാണ് കരുതുന്നത്. പക്ഷേ ജൂലായ് ഒന്നിന് ലെസ്റ്റര്‍ഷയറിനെതിരായ സന്നാഹമത്സരത്തില്‍ അശ്വിന് പങ്കെടുക്കാനാവില്ല.
ടെസ്റ്റിന് ശേഷം ഇന്ത്യ മൂന്ന് ടി20കളും മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ടിൽ കളിക്കും. ഇന്ത്യയുടെ ഏറ്റവും മികച്ച ടീമായിരിക്കും ഇംഗ്ലണ്ടിൽ കളിക്കുക എന്നാണ് ലഭിക്കുന്ന സൂചന. ടെസ്റ്റിന് മുൻപ് ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മറ്റൊരു ടീം ഡബ്ലിനിൽ അയർലണ്ടിനെതിരെ രണ്ട് ടി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. ജൂൺ 26, 28 തീയതികളിലാണ് മത്സരം.
Summary- R Ashwin Missed Plane to England After Testing Positive for COVID-19