തകർത്തടിച്ച് രാഹുലും അയ്യരും; നെതർലാൻഡ്‌സിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 410 റൺസാണ് നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്.
ബംഗളൂരു: ശ്രേയസ് അയ്യരും ലോകേഷ് രാഹുലും നേടിയ സെഞ്ച്വറികളുടെ ബലത്തിൽ നെതർലാൻഡ്‌സിനെതരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 410 റൺസാണ് നേടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്.
ടോസ് നേടിയ ഇന്ത്യ ഒന്നുംനോക്കാതെ ബാറ്റിങ് തെരഞ്ഞെടുത്തു. ബാറ്റെടുത്തവരെല്ലാം ബംഗളൂരുവിലെ ചെറിയ ഗ്രൗണ്ട് മുതലാക്കി. 100 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ഇന്ത്യക്ക് വന്നു. എന്നാൽ 51 റൺസ് നേടിയ ശുഭ്മാൻ ഗിൽ(51) ആദ്യം പുറത്തായി. പിന്നാലെ ടിം സ്‌കോർ 129ൽ നിൽക്കെ നായകൻ രോഹിത് ശർമ്മയും മടങ്ങി. 54 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 61 റൺസാണ് രോഹത് അടിച്ചെടുത്തത്.
മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലി-ശ്രേയസ് അയ്യർ സഖ്യം ഇന്ത്യക്കായി സ്‌കോർ പടുത്തുയർത്തി. കോഹ്ലി തന്റെ ഫോം ഇവിടെയും തുടർന്നു. എന്നാൽ 51 റൺസിനെ ആയുസെയുണ്ടായിരുന്നുള്ളൂ. 56 പന്തുകളിൽ നിന്ന് ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കമായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. എന്നാൽ അയ്യർ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. കൂട്ടിന് രാഹുൽ കൂടി എത്തിയതോടെ ഇന്ത്യയുടെ സ്‌കോർ കുതിച്ചു.
നെതർലാൻഡ് ബൗളർമാരെ സ്റ്റേഡിയത്തിന്റെ പല ഭാഗത്തേക്കും ഈ സഖ്യം എത്തിച്ചു. ആദ്യം സെഞ്ച്വറി നേടിയത് അയ്യറായിരുന്നു. അവസാന ഓവറിലാണ് രാഹുൽ സെഞ്ച്വറി കുറിച്ചത്. അവസാന ഓവറിലെ രണ്ട് പന്തുകൾ സിക്‌സർ പായിച്ചായിരുന്നു രാഹുലിന്റെ സെഞ്ച്വറി നേട്ടം. പിന്നാലെ താരം പുറത്തായി. 64 പന്തുകളിൽ നിന്ന് പതിനൊന്ന് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്(102). 94 പന്തുകളിൽ നിന്ന് 10 ഫോറും അഞ്ച് സിക്‌സറും അടക്കം 128 റൺസ് നേടിയ അയ്യരെ പുറത്താക്കാനും കഴിഞ്ഞില്ല.
ഒരു പന്തിൽ രണ്ട് റൺസ് നേടിയ സൂര്യകുമാർ യാദവായിരുന്നു 50 ഓവർ കഴിയുമ്പോൾ അയ്യർക്ക് കൂട്ടായി ഉണ്ടായിരുന്നത്. നെതർലാൻഡ്‌സിനായി ബാസ് ഡി ലീഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.