ഗാംഗുലി മുതൽ റിക്കി പോണ്ടിങ് വരെ; ആരാകും ഇന്ത്യയുടെ പുതിയ പരിശീലകൻ
സൗരവ് ഗാംഗുലി,വിവിഎസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, റിക്കി പോണ്ടിങ് എന്നിവരുടെ പേരുകളാണ് ആരാധകർ ഉന്നയിക്കുന്നത്.
ന്യൂഡൽഹി: അടുത്തമാസം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങുകയാണ് രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസം പുതിയ പരിശീലകനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. നിലവിലെ കോച്ച് ദ്രാവിഡിനും അപേക്ഷ സമർപ്പിക്കാമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചെങ്കിലും വീണ്ടും പരിശീലകസ്ഥാനത്തേക്ക് ദ്രാവിഡിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ ദേശീയ ടീമിന് പുതിയ പരിശീലകൻ എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങളും ശക്തമായി.
വിദേശ പരിശീലകനെ കൊണ്ടുവരണമെന്ന തരത്തിൽ പ്രചരണം ശക്തമാണ്. മുൻ ഓസീസ് നായകനും ഡൽഹി ക്യാപിറ്റൽസ് കോച്ചുമായ റിക്കി പോണ്ടിങിനെ പരിഗണിക്കണമെന്ന് ആരാധകരുടെ ആവശ്യം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ഗൗതം ഗംഭീർ എന്നിവരുടെ പേരുകളും പ്രചരിക്കുന്നു. നിലവിൽ കൊൽക്കത്ത ടീമിനൊപ്പമുള്ള ഗംഭീർ ദേശീയ ടീം പരിശീലകനാകുന്നതിനെ കുറിച്ച് ഇതുവരെ മനസ് തുറന്നിട്ടില്ല. സൗരവ് ഗാംഗുലിയാകട്ടെ ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് മെന്ററാണ്. മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി നിലവിൽ ബിസിസിഐ അധികൃതരുമായി മികച്ച ബന്ധത്തിലല്ലെന്നതും സാധ്യത കുറക്കുന്നു.
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച എംഎസ് ധോണിയെ ദ്രാവിഡിന്റെ പകരക്കാരനാക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മഹിക്ക് അപേക്ഷ നൽകാനാവില്ല. കളിക്കളത്തിൽ നിന്ന് വിരമിച്ചാലും ചെന്നൈയുടെ പരിശീലക റോളിലാകും ധോണിയെത്തുക. ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റ, മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ എന്നിവരും ബിസിസിഐ റഡാറിലുള്ള താരങ്ങളാണ്.