എല്ലാവർക്കും ഔട്ട്, തേർഡ് അമ്പയറിന് മാത്രം നോട്ട് ഔട്ട്; വിവാദമായി ത്രിപാഠിയുടെ ക്യാച്ച്!
പഞ്ചാബ് കിങ്‌സിന് ജയിക്കാൻ 10 പന്തിൽ 11 റൺസ് എന്ന നിലയിൽ നിൽക്കെയാണ് സംഭവം നടന്നത്
ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ കൊൽക്കത്ത താരം രാഹുൽ ത്രിപാഠി നേടിയ ക്യാച്ചിനെച്ചൊല്ലി വിവാദം കത്തുന്നു. മത്സരത്തിനിടെ പഞ്ചാബ് കിങ്‌സ് നായകൻ കെ.എൽ. രാഹുലിനെ പുറത്താക്കാൻ രാഹുൽ ത്രിപാഠി എടുത്ത ക്യാച്ചാണ് വിവാദത്തിന് ആധാരം. ഓൺ ഫീൽഡ് അമ്പയർമാർ ഔട്ടിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തെ തുടർന്ന് അന്തിമ തീരുമാനം തേഡ് അംപയറിനു വിട്ടെങ്കിലും, അദ്ദേഹത്തിന്റെ തീരുമാനം വന്നതോടെ ആശയക്കുഴപ്പം ഒന്നുകൂടി കൂടി. ക്യാച്ചിന്റെ വിവിധ ക്യാമറാ ആംഗിളുകൾ പരിശോധിച്ച തേഡ് അമ്പയർ, രാഹുൽ ത്രിപാഠിയുടെ ക്യാച്ച് ശരിയായില്ലെന്നാണ് വിധിച്ചത്. ഇതോടെ രാഹുലിനു ക്രീസിൽ തുടരാനും സാധിച്ചു.
എന്നാൽ, തേഡ് അമ്പയറിന്റെ തീരുമാനത്തിനെതിരെ ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മുൻ താരങ്ങളും കമന്റേറ്റർമാരും ഉൾപ്പെടെയുള്ളവരെല്ലാം ത്രിപാഠിയുടെ ക്യാച്ച് കൃത്യമാണെന്ന് വാദിച്ചതോടെ, തേഡ് അമ്പയറിന്റെ തീരുമാനം വിവാദമായി.
പഞ്ചാബ് കിങ്‌സിന് ജയിക്കാൻ 10 പന്തിൽ 11 റൺസ് എന്ന നിലയിൽ നിൽക്കെയാണ് സംഭവം നടന്നത്. മിഡ് വിക്കറ്റ് ബൗണ്ടറി ലക്ഷ്യമിട്ട് രാഹുൽ ഉയർത്തിവിട്ട പന്ത് ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് മുന്നിലേക്ക് ഓടിയെത്തിയ ത്രിപാഠി ഡൈവ് ചെയ്താണ് കയ്യിലൊതുക്കിയത്.
എന്നാൽ, ക്യാച്ചെടുക്കുന്നതിനിടെ പന്ത് നിലത്തു തട്ടിയിരുന്നോ എന്ന കാര്യത്തിൽ ഓൺ-ഫീൽഡ് അമ്പയർമാർക്ക് ആശയക്കുഴപ്പം ഉണ്ടായതോടെയാണ് തേഡ് അമ്പയറിന് ഇടപെടേണ്ടിവന്നത്. സാമാന്യം നീണ്ട പരിശോധനകൾക്കു ശേഷമാണ് തേഡ് അമ്പയർ അനിൽ ദണ്ഡേകർ അത് നോട്ട് ഔട്ടാണെന്ന് വിധിച്ചത്.ക്രീസിൽ തുടർന്ന രാഹുൽ ഈ ഓവറിൽ ഒരു ബൗണ്ടറി കൂടി നേടി അവസാന ഓവറിൽ വിജയലക്ഷ്യം ആറു പന്തിൽ അഞ്ച് റൺസായി കുറച്ചു.
രാഹുൽ ത്രിപാഠിയുടെ ക്യാച്ച് കൃത്യമായിരുന്നുവെന്നും രാഹുൽ ഔട്ടായിരുന്നുവെന്നും മുൻ താരങ്ങളും കമന്റേറ്റർമാരുമായ സുനിൽ ഗാവസ്‌കർ, കെവിൻ പീറ്റേഴ്‌സൻ, ഇയാൻ ബിഷപ്പ്, ഗ്രെയിം സ്വാൻ, ആകാശ് ചോപ്ര, ഹർഷ ഭോഗ്‌ലെ തുടങ്ങിയവർ ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടി.