പന്തുപോയത് കണ്ടത് പോലുമില്ല; പൃഥ്വി ഷായുടെ വിക്കറ്റ് പിഴുത് യഷ് താക്കൂറിന്റെ തീയുണ്ട - വീഡിയോ
രഞ്ജി ട്രോഫിയിൽ വിദർഭക്കെതിരെ മുംബൈ മികച്ച ലീഡ് നേടി മുന്നേറുകയാണ്.
മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ അത്യുഗ്രൻ പേസ് ബൗളിങിൽ ആയുധം വെച്ച് കീഴടങ്ങി മുംബൈ ഓപ്പണർ പൃഥ്വി ഷാ. വിദർഭ താരം യഷ് താക്കൂറിന്റെ പന്താണ് ഷായുടെ പ്രതിരോധം ഭേദിച്ച് കുറ്റിയുമായി പറന്നത്. 133 കിലോ മീറ്റർ വേഗതയിലെത്തിയ പന്ത് ജഡ്ജ് ചെയ്യുന്നതിൽ താരത്തിന് പിഴക്കുകയായിരുന്നു. പുറത്തായ ശേഷമുള്ള മുംബൈ താരത്തിന്റെ എക്‌സ്പ്രഷനിൽ ആ പന്തിന്റെ എല്ലാ സൗന്ദര്യവുമുണ്ടായിരുന്നു. സമീപ കാലത്ത് മോശം ഫോമിൽ തുടരുന്ന പൃഥ്വി ഷാക്കെതിരെ ആരാധകരും രംഗത്തെത്തി. താരത്തിന് ദേശീയ ടീമിലേക്ക് അടുത്താകലത്തൊന്നും അവസരം ലഭിക്കില്ലെന്നാണ് വിമർശനം.
Yash Thakur bowled a peach to dismiss Prithvi Shaw. 🫡🔥 pic.twitter.com/L0yM05roUL
— Mufaddal Vohra (@mufaddal_vohra) March 11, 2024
അതേസമയം, രഞ്ജി ട്രോഫിയിൽ വിദർഭക്കെതിരെ മുംബൈ മികച്ച ലീഡ് നേടി മുന്നേറുകയാണ്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 224നെതിരെ വിദർഭ 105ന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്സിൽ 119 റൺസ് ലീഡാണ് മുംബൈ പടുത്തുയർത്തിയത്. രണ്ടാം ഇന്നിങ്‌സിൽ 137-2 എന്ന നിലയിലാണ് ആതിഥേയർ. 47 റൺസുമായി മുഷീർ ഖാനും 58 റൺസുമായി ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ശ്രേയസ് അയ്യർ, ഷർദുൽ താക്കൂർ അടക്കമുള്ള പ്രധാന താരങ്ങൾ ഇറങ്ങാനുണ്ട്. നേരത്തെ പൃഥ്വി ഷാ (11), ഭുപൻ ലാൽവാനി (18) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ആദ്യ ഇന്നിംഗ്സിൽ 46 റൺസായിരുന്നു പൃഥ്വിയുടെ സമ്പാദ്യം.
മൂന്നിന് 31 എന്ന നിലയിലാണ് വിദർഭ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ധ്രുവ് ഷൊറേ (0), അമൻ മൊഖാദെ (8), കരുൺ നായർ (0) എന്നിവർ മടങ്ങിയിരുന്നു. ഇന്ന് അഥർവ ടൈഡെയുടെ (23) വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നാലെ ആദിത്യ തക്കറെ (19) മടങ്ങി. ഇരുവരുമായിരുന്നു ഒന്നാംദിനം കളിനിർത്തുമ്പോൾ ക്രീസിലുണ്ടായിരുന്നത്. ക്യാപ്റ്റൻ അക്ഷയ് വഡ്ക്കർക്കും (5) പിടിച്ചുനിൽക്കാനായില്ല. യഷ് താക്കൂർ (16), റാത്തോഡ് എന്നിവരാണ് സ്‌കോർ 100 കടത്താൻ സഹായിച്ചത്. മുംബൈക്കായി ധവാൻ കുൽക്കർണി അഞ്ച് വിക്കറ്റ് വീഴ്ത്തി. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സിൽ ഷാർദുൽ താക്കൂർ നേടിയ 75 റൺസാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.