വീണ്ടും സച്ചിൻ ഷോ; രഞ്ജി ട്രോഫിയിൽ ആന്ധ്രക്കെതിരെ കേരളം ടോപ് ഗിയറിൽ
87 റൺസുമായി സച്ചിൻ ബേബിയും 57 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.
വിശാഖപട്ടണം: ബംഗാളിനെതിരായ ജയം നൽകിയ ആത്മവിശ്വാസവുമായി രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശിനെ നേരിടുന്ന കേരളം കുതിക്കുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 258-3 എന്ന നിലയിലാണ്. 87 റൺസുമായി സച്ചിൻ ബേബിയും 57 റൺസുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. കഴിഞ്ഞ രഞ്ജി മത്സരത്തിൽ സച്ചിൻ സെഞ്ചുറി നേടിയിരുന്നു.
നേരത്തെ, ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് 272ൽ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ ബേസിൽ തമ്പിയുടെ ബൗളിങ് മികവിലാണ് സന്ദർശകർ ആന്ധ്രയെ വലിയ സ്‌കോർ നേടാതെ തളച്ചത്. ആതിഥേയർക്കായി ക്യാപ്റ്റൻ റിക്കി ഭുയി 87 റൺസുമായി പുറത്താവാതെ നിന്നു.
ഓപ്പണർ ജലജ് സക്‌സേനെ(4) വേഗത്തിൽ പുറത്തായതോടെ കേരളത്തിന്റെ തുടക്കം പാളി. എന്നാൽ രോഹൻ എസ് കുന്നുമ്മൽ-കൃഷ്ണപ്രസാദ് കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 94ൽ നിൽക്കെ 43 റൺസുമായി കൃഷ്ണ പ്രസാദ് മടങ്ങി. 61 റൺസെടുത്ത് രോഹനും ഔട്ടായെങ്കിലും നാലാം വിക്കറ്റിൽ പിരിയാത്ത സച്ചിൻ-അക്ഷയ് കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷക്കൊത്തുയർന്നു. അതേസമയം, നോക്കൗട്ട് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചതിനാൽ ക്യാപ്റ്റൻ സഞ്ജു സാംസണ് കേരളം വിശ്രമം അനുവദിച്ചിരുന്നു.