ലോകകപ്പ് വിജയം; ട്രാവിസ് ഹെഡിന്റെയും മാക്‌സ്‌വെല്ലിന്റെയും ഭാര്യമാർക്കെതിരെ സൈബർ ആക്രമണം
ആസ്‌ട്രേലിയയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് താരങ്ങളുടെ ഭാര്യമാർക്കെതിരെ സൈബറിടത്തിൽ ആക്രമണമുണ്ടായത്
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ആസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും ഭാര്യമാർക്കു നേരെ സൈബർ ആക്രമണം. ചില പ്രത്യേക കോണുകളിൽനിന്നാണ് ഇരുവർക്കും നേരെ അധിക്ഷേപമുണ്ടായത്. ഹെഡിന്റെ ഒരു വയസ്സുകാരിയായ മകളും രൂക്ഷമായ അധിക്ഷേപങ്ങൾക്കിരയായി.
'നിങ്ങളുടെ ഭാര്യയ്ക്ക് എത്രയാണ് റേറ്റ്' എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് ഹെഡിന്റെ ഭാര്യ ജസിക്കയെ കുറിച്ച് ചോദിച്ചത്. ഫൈനലിൽ ഓസീസ് വിജയത്തിന്റെ നെടുന്തൂണായിരുന്നു ഹെഡ്. ഇന്ത്യൻ ബൗളർമാരെ അടിച്ചു പറത്തിയ ഹെഡ് 137 റൺസാണ് അടിച്ചുകൂട്ടിയത്.
പ്രമുഖ ആസ്‌ട്രേലിയൻ മോഡലും സംരംഭകയുമാണ് ജെസിക്ക. വിവിധ മോഡലിങ് ഏജൻസികളുമായി ഇവർക്ക് കരാറുണ്ട്. സിഡ്‌നിയിലും കാൻബറയിലും റെസ്റ്ററൻഡുകളുമുണ്ട്. 2021 മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2023 ഏപ്രിലിൽ വിവാഹിതരായി.
സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മാക്‌സ്‌വെല്ലിന്റെ ഇന്ത്യൻ വംശജയായ ഭാര്യ വിനി രാമൻ രംഗത്തെത്തി. വിദ്വേഷവും ഹീനവുമായ വ്യക്തിപരമായ ആക്രമണങ്ങൾക്ക് വിധേയമായെന്ന് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത് വിശ്വസിക്കാനാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ലോകകപ്പ് ഫൈനലിൽ ആറു വിക്കറ്റിനാണ് ആസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 241 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ആറു വിക്കറ്റ് നഷ്ടത്തിൽ കങ്കാരുകൾ ലക്ഷ്യം മറികടന്നു. ആസ്‌ട്രേലിയയുടെ ആറാം കിരീടനേട്ടമാണിത്. 1987, 1999, 2003, 2007, 2015 വർഷങ്ങളിലാണ് ഇതിനു മുമ്പ് ഓസീസ് ലോകകപ്പ് സ്വന്തമാക്കിയത്.