'വിമർശകരെ അടങ്ങൂ,ദ്രാവിഡിന് കൂടുതൽ സമയം നൽകണം': പിന്തുണയുമായി രവിശാസ്ത്രി

ടീം ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പിന്തുണയുമായി മുന്‍പരിശീലകന്‍ രവിശാസ്ത്രി

Update: 2023-03-21 12:50 GMT
Editor : rishad | By : Web Desk

രാഹുല്‍ ദ്രാവിഡ്- രവിശാസ്ത്രി

Advertising

മുംബൈ: ടീം ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പിന്തുണയുമായി മുന്‍പരിശീലകന്‍ രവിശാസ്ത്രി. ദ്രാവിഡിന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ശാസ്ത്രി പറയുന്നത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യക്ക് ഒരു ഐസിസി ട്രോഫി പോലും നേടാന്‍ സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായിരുന്നു. ഇതിനിടെയാണ് ദ്രാവിഡിനെതിരെ വിമര്‍ശനം ഉയരുന്നത്. 2021 നവംബറില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്.

ശാസ്ത്രിയുടെ വാക്കുകള്‍... 'പരിശീലകനെന്ന നിലയില്‍ എല്ലാം ട്രാക്കിലാവാന്‍ എനിക്ക് സമയമെടുത്തു. ദ്രാവിഡിനും അങ്ങനെ തന്നെയായിരിക്കും. എല്ലാത്തിനും സമയമെടുക്കും. മുമ്പ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി, ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം പരിശീലകനായത് ടീമിന് ഗുണം ചെയ്തിട്ടുണ്ട്. ദ്രാവിഡിനെ കുറിച്ച് വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണം. ഞാന്‍ പരിശീലകനായിരുന്ന സമയത്ത് ഞങ്ങള്‍ രണ്ട് ഏഷ്യാ കപ്പ് നേടി, പക്ഷേ ആരും ഓര്‍ക്കുന്നില്ല. നേട്ടങ്ങളെ കുറിച്ച് ആരും സംസാരിക്കില്ല- ശാസ്ത്രി പറഞ്ഞു.

അതേസമയം ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരം നാളെ ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം(1-1)ജയിച്ച് സമനിലയിലാണ്. ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം തോറ്റാൽ ഏകദിന റാങ്കിങിൽ ഇന്ത്യയുടെ ഒന്നാംസ്ഥാനം നഷ്ടമാകും. അങ്ങനെ വന്നാല്‍ ദ്രാവിഡിനെതിരെ വിമര്‍ശനം കനക്കാനും സാധ്യതയുണ്ട്. അതേസമയം ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ, ആസ്ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. ഫലം ഇന്ത്യക്ക് അനുകൂലമായാല്‍ വിമര്‍ശകര്‍ അടങ്ങിയിരിക്കേണ്ടിവരും. 

ഏകദിന റാങ്കിങില്‍ ഇപ്പോൾ 114 പോയിന്റുമായി ഇന്ത്യയും ആസ്‌ട്രേലിയയും ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പരമ്പര ആര് ജയിക്കുന്നുവോ അവർ ഒന്നാം സ്ഥാനത്ത് എത്തും. മാത്രമല്ല പോയിന്റിൽ മുന്നിലെത്തുകയും ചെയ്യും. വിശാഖപ്പട്ടണത്ത് ഏറ്റ കനത്ത തോൽവിയാണ് ഇന്ത്യയുടെ നില പരുങ്ങലിലായതും ആസ്‌ട്രേലിയക്ക് ആശ്വസിക്കാനുള്ള വകനൽകിയതും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News